മുംബൈ: പാകില്‍ വീണ്ടും ഉന്നതതല യോഗം

മുംബൈ ഭീകരാക്രമണത്തില്‍ വിമര്‍ശനം നേരിടുന്ന സാഹചര്യത്തില്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രിയും പ്രസിഡന്‍റും സൈനിക മേധാവിയും വീണ്ടും കൂടിക്കാഴ്ച നടത്തി.

ശനിയാഴ്ച രാത്രിയാണ് പാകി പ്രസിഡന്‍റ് അസിഫ് അലി സര്‍ദാരി പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിയുമായും സൈനിക മേധാവി അഷ്‌ഫാഖ് പര്‍‌വേസ് കയാനിയുമായും ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ പാകിസ്ഥാന്‍ സൈന്യം ഏത് ആക്രമണത്തെയും നേരിടാന്‍ സജ്ജമാണെന്ന് സൈനിക മേധാവി അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുംബൈ ഭീകരാക്രമണത്തെ കുറിച്ച് ഇന്ത്യ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്ന് പാക്‍ നേതൃത്വം ആവശ്യപ്പെട്ടതായും പാക് ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈ ഭീകരാക്രമണത്തിനു ശേഷം രണ്ടാം തവണയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയും പ്രസിഡന്‍റും സൈനിക മേധാവിയും കൂടിക്കാഴ്ച നടത്തുന്നത്. ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഐ‌എസ്‌ഐ തലവനെ ഇന്ത്യയുടെ ആവശ്യപ്രകാരം ഡല്‍ഹിയിലേക്ക് അയയ്ക്കണ്ട എന്ന് തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക