“മമ്മീ ഐ ലവ്‌യു, അയാള്‍ വരുന്നു, ഞാന്‍ ഇപ്പോള്‍ മരിക്കും” - ഒര്‍ലാന്‍ഡോ വെടിവയ്‌പ്പിനിടെ മകന്‍ അമ്മക്കയച്ച സന്ദേശങ്ങള്‍ പുറത്ത്
തിങ്കള്‍, 13 ജൂണ്‍ 2016 (14:56 IST)
അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെടുന്നതിന് മുമ്പ് മകന്‍ അമ്മയ്‌ക്ക് അയച്ച സന്ദേശങ്ങള്‍ പുറത്ത്. മരണത്തിന്റെ മുമ്പില്‍ നിന്നായിരുന്നു എഡ്ഡി ജസ്റ്റീസ് എന്ന 30കാരന്‍ അമ്മ മിന ജസ്റ്റിസിന് അയച്ച സന്ദേശങ്ങളാണ് പ്രചരിക്കുന്നത്.
പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. എഡ്ഡി അമ്മക്ക് ആദ്യ സന്ദേശം അയക്കുന്നത് 2.06 നായിരുന്നു. ‘മമ്മീ, ഐ ലവ് യു’ എന്നായിരുന്നു എഡ്ഡിയുടെ ആദ്യസന്ദേശം. ഇതിന് പിന്നാലെ ക്ലബ്ബില്‍ വെടിവെപ്പ് നടക്കുകയാണെന്നും എഡ്ഡി പറഞ്ഞു.
ഉറക്കത്തിൽ നിന്നെണീറ്റ മിന നീ സുരക്ഷിതനാണോ എന്ന് ചോദിക്കുന്നു. ബാത്റൂമിൽ അകപ്പെട്ടിരിക്കുന്നു എന്നായിരുന്നു എഡ്ഡിയുടെ ഉത്തരം. ഏത് ക്ളബെന്ന മിനയുടെ ചോദ്യത്തിന് മറുപടിയായി പൾസ്, ഡൗൺ ടൗൺ എന്നും ഞാൻ മരിക്കാൻ പോകുകയാണെന്നും ഫ്രെഡ്ഡിയുടെ സന്ദേശം 2.08ന്.
അപകടം മനസ്സിലാക്കിയ മിന 911 എന്ന എമർജൻസി നമ്പറിലും പൊലീസിലും വിളിക്കുന്നു. പൊലിസിനെ വിളിക്കാൻ എഡ്ഡി അമ്മയോട് നിർദേശിക്കുന്ന സന്ദേശങ്ങൾ. കുറേ നേരത്തേക്ക് ഒരു വിവരവുമില്ല. പിന്നീട് 2.39ന് 'പൊലീസിനെ വിളിക്കൂ അമ്മേ' എന്ന സന്ദേശം.
ഇതിന് തൊട്ടുപിന്നാലെ അവര്‍ തന്‍റെ അരികില്‍ എത്തിക്കഴിഞ്ഞെന്നും താന്‍ മരിക്കാന്‍ പോകുകയാണെന്നും എഡ്ഡി പറഞ്ഞു. അവര്‍ ഭീകരനാണെന്നും തങ്ങളെ കൊല്ലാന്‍ ഒരുങ്ങുകയാണെന്നും സന്ദേശം മിനയ്‌ക്ക് ലഭിക്കുകയും ചെയ്‌തു.
മിന നിരവധി സന്ദേശങ്ങള്‍ അയച്ചു നോക്കിയെങ്കിലും എഡ്ഡി മറുപടി നല്‍കിയില്ല. പിന്നെ മറുപടി വന്നത് 2.50 നായിരുന്നു. അയാൾ ഇവിടെയെത്തി ഞാൻ മരിക്കാൻ പോകുന്നു. അയാളൊരു ഭീകരനാണ്.. അതായിരുന്നു അവസാന സന്ദേശം. ഇതിന് ശേഷം എഡ്ഡി മെസേജ് ഒന്നും തന്നെ അയച്ചില്ല.
വെടിവയ്പ്പു നടത്തിയ ഒമർ സാദിഖ് മാറ്റിനെ ഇത്രയും ക്രൂരനാക്കിയത് സ്വവർഗാനുരാഗികളോടുള്ള വെറുപ്പ്:-
അമേരിക്കയെ നടുക്കിയ കൂട്ടക്കൊല നടത്താന്‍ ഇയാളെ പ്രേരിപ്പിച്ചത് സ്വവര്‍ഗാനുരാഗികളോടുള്ള വിദ്വേഷമാണെന്ന് ഒമറിന്റെ പിതാവ് സാദിഖ് മാറ്റിന്‍ പറയുന്നു. നേരത്തെ മകനൊപ്പം മിയാമിയിൽ പോയപ്പോൾ ഒമറിന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിൽ വച്ച് സ്വവർഗാനുരാഗികളായ രണ്ടു പുരുഷൻമാർ ചുംബിക്കുന്നത് കണ്ടപ്പോൾ മകനു വളരെയധികം ദേഷ്യം വന്നിരുന്നു. ഈ സംഭവമാകാം അവനെ ഈ ക്രൂരതയ്‌ക്ക് പ്രേരിപ്പിച്ചത്. പ്രചരിക്കുന്നതു പോലെ കൂട്ടക്കൊലയ്‌ക്ക് മതവുമായി യാതൊരു ബന്ധവുമുല്ലെന്നും സാദിഖ് പ്രതികരിച്ചു.
ആക്രമണത്തിന് ഒമര്‍ ദിവസങ്ങള്‍ക്ക് മുമ്പു തന്നെ ആസൂത്രണം ആരംഭിച്ചിരുന്നതായി വ്യക്തമായി. കഴിഞ്ഞ ആഴ്ച്ച ഒമര്‍ നിയമപരമായി രണ്ട് തോക്കുകള്‍ വാങ്ങിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥനാകണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്ന ഇയാള്‍ ബോഡി ബില്‍ഡറായും സെക്യൂരിറ്റി ഗാര്‍ഡായും പലയിടത്തും ജോലി ചെയ്‌തിട്ടുണ്ട്.
അതേസമയം, 50 പേരുടെ ജീവനെടുത്ത കൂട്ടക്കൊലയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് സന്തോഷം പ്രകടിപ്പിച്ചു. ‘പ്രവാചകന്റെ പോരാളി’യെന്നാണ് ഒമര്‍ സാദിഖ് മാറ്റിനെ ഐഎസ് നല്‍കിയിരിക്കുന്ന വിശേഷണം. അതേസമയം, കൂട്ടക്കൊല ഭീകരാക്രമണമെന്നാണ് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രതികരണം.