ഇങ്ങനെയും അച്ഛന്മാരുണ്ടോ എന്ന് ചോദിക്കരുത്. കാരണം ഇങ്ങനെ ഒരു അച്ഛന്‍ ഉണ്ട്. കൌമരക്കാരിയായ മകളുടെ ഫേസ്ബുക്ക് ഉപയോഗം തടയാനാണ് ഇദ്ദേഹം പണം നല്‍കുന്നത്. 14കാരിയായ മകള്‍ ഫേസ്ബുക്കില്‍ കയറാതിരിക്കാന്‍ 200 ഡോളര്‍ ആണ് ബോസ്റ്റണില്‍ നിന്നുള്ള ഈ പിതാവ് ഓഫര്‍ ചെയ്തിരിക്കുന്നത്.
റിസേര്‍ച്ച് കണ്‍സല്‍ട്ടന്റ് ആയ പോള്‍ ബെയര്‍ ആണ് വ്യത്യസ്തനായ ഈ പിതാവ്. തന്റെ ബ്ലോഗിലൂടെ ഇദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പിതാവും മകളും തമ്മില്‍ ചുമ്മാ വാക്കുകൊണ്ടുള്ള ഉറപ്പ് മാത്രമല്ല ഉള്ളത്, ‘ഫേസ്ബുക്ക് ഡീആക്ടിവേഷന്‍ എഗ്രിമെന്റ്’ തന്നെ ഇവര്‍ തയ്യാറാക്കി ഒപ്പുവച്ചിട്ടുണ്ട്. ഇതിന്റെ ചിത്രവും ഇദ്ദേഹം ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ എഗ്രിമെന്റ് നിലവില്‍ വന്നു. ജൂണ്‍ 26 വരെയാണ് കാലാവധി. വാക്കുപാലിച്ചാല്‍ മകള്‍ക്ക് പ്രതിഫലം കിട്ടും. ഏപ്രിലില്‍ 50 ഡോളര്‍ നല്‍കും, ബാക്കി 150 ഡോളര്‍ ജൂണില്‍ നല്‍കും. തന്റെ അക്കൌണ്ട് ഡീആക്ടിവേറ്റ് ചെയ്യാന്‍ പിതാവിന് മകള്‍ അനുവാദം നല്‍കിയിട്ടുണ്ട്.
ബെയര്‍ നല്ല പിതാവാണ് എന്നാണ് ചിലര്‍ ബ്ലോഗ് പോസ്റ്റിന് കമന്റ് ഇട്ടിരിക്കുന്നത്. എന്നാല്‍ മകള്‍ക്ക് കൈക്കൂലി നല്‍കി പാട്ടിലാക്കുന്ന വിഡ്ഢിയാണ് ഇയാള്‍ എന്ന് മറ്റുചിലര്‍ കുറ്റപ്പെടുത്തുന്നു.