ശ്രീലങ്ക സ്വന്തം മണ്ണില്‍ നിന്ന് ഭീകരതയെ തുടച്ചു മാറ്റുന്നതിന്‍റെ പടിവാതില്‍ക്കലെത്തിയിരിക്കുകയാണെന്ന് പ്രസിഡന്‍റ് മഹീന്ദ രാജപക്സെ. എല്‍ടിടിഇയുടെ കൈവശമുള്ള മുഴുവന്‍ പ്രദേശങ്ങളും പിടിച്ചെടുത്ത ശേഷം വടക്കന്‍ മേഖലയിലെ എല്ലാ തമിഴ് വംശജര്‍ക്കും സമത്വവും എല്ലാ അവകാശങ്ങളും ഉറപ്പാക്കുമെന്നും രാജപക്സെ ശ്രീലങ്കന്‍ സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.
ഒരു കാലത്ത് ആര്‍ക്കും പ്രവേശിക്കാന്‍ കഴിയാതിരുന്ന കിള്ളിനോച്ചിയും എലിഫന്‍റ് പാസും മുല്ലത്തീവും ഇപ്പോള്‍ പിടിച്ചെടുത്തു കഴിഞ്ഞു. ഭീകരതയെ തുടച്ചു നീക്കുന്ന പ്രവര്‍ത്തി അവസാന ഘട്ടത്തിലാണ്. അതിനുശേഷം എല്ലാ ജനങ്ങള്‍ക്കും സ്വാതന്ത്ര്യത്തിന്‍റേതായ പുതിയ പ്രഭാതമായിരിക്കും, നാളത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാജപക്സെ.
വര്‍ഷങ്ങളായി വിമോചകരെന്ന് പറഞ്ഞ് തമിഴ് ജനതയെ പുലികള്‍ തടവില്‍ വച്ചിരിക്കുകയായിരുന്നു. ശ്രീലങ്കയില്‍ വസിക്കുന്ന തമിഴ് വംശജരുടെ യഥാര്‍ത്ഥ വിമോചകരാണ് ശ്രീലങ്കക്കാരെന്നും അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്നും രാജപക്സെ പറഞ്ഞു.