ബ്രിട്ടിനില്‍ ‘കുട്ടിപ്രതികള്‍‘ പെരുകുന്നു

ശനി, 16 ജനുവരി 2010 (10:37 IST)
PRO
കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നാം. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ അതാണ് വ്യക്തമാക്കുന്നത്. മൂന്ന് തവണയെങ്കിലും തടവ് ശിക്ഷ അനുഭവിച്ചവരോ അനുഭവിക്കുന്നവരോ ആയ 1,300 കുട്ടികളാണ് ബ്രിട്ടനിലുള്ളത്. ആറോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിച്ച നൂറിലധികം യുവാക്കള്‍ രാജ്യത്തുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2007ന്‍റെ ആദ്യ മൂന്ന് മാസങ്ങളില്‍ 332 കുട്ടികളാണ് മൂന്നാമത്തെ തവണയോ അതില്‍ കൂടുതല്‍ തവണയോ തടവിന് വിധിക്കപ്പെട്ടത്. മൊത്തം വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ഇത് 1,300ല്‍ അധികമാണ്. മൂന്ന് തവണയോ അതില്‍ കൂടുതലോ തടവിന് വിധിക്കപ്പെട്ടവരില്‍ പത്തില്‍ ഒമ്പതു കുട്ടികളും ഒരു വര്‍ഷത്തില്‍ കുറഞ്ഞ ഇടവേളകളിലാണ് കുറ്റകൃത്യങ്ങള്‍ ചെയ്തതായി തെളിയുന്നത്.

പതിനെട്ട് വയസ്സിന് താഴെയുള്ളവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ കേസുകളില്‍ പത്ത് വര്‍ഷം കൊണ്ട് 23 ശതമാനമാണ് വര്‍ദ്ധനയുണ്ടായത്. 1997 ല്‍ ഇത് 79,082 ആയിരുന്നെങ്കില്‍ 2007 ല്‍ ഇത് 97,387 ആയാണ് ഉയര്‍ന്നത്.

പുതിയ റിപ്പോര്‍ട്ട് രാജ്യത്തിന് നാണക്കേടാണെന്നാണ് കണ്‍സര്‍വേറ്റീവുകള്‍ പ്രതികരിച്ചത്. യുവാക്കള്‍ക്കിടയിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ലേബര്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നും അവര്‍ ആരോപിച്ചു. കുറ്റകൃത്യങ്ങളുടെ ആവര്‍ത്തനം തടയുന്നതിന് യുവ നീതിന്യായ സംവിധാനത്തില്‍ പരിഷ്കരണം കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ദക്ഷിണ ലണ്ടനില്‍ ആക്രമണവും കൊള്ളയും നടത്തിയ ഒരു 11 വയസ്സുകാരന്‍ ചെറിയ ശിക്ഷയ്ക്ക് മാത്രം വിധിക്കപ്പെട്ടത് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മുമ്പ് 50 തവണ അറസ്റ്റ് ചെയ്യപ്പെട്ട ഈ കുട്ടിയെ രണ്ട് വര്‍ഷത്തെ ജാഗ്രതാ നിര്‍ദേശത്തിന് മാത്രമാണ് കോടതി വിധിച്ചത്.

വെബ്ദുനിയ വായിക്കുക