ട്യുണീഷ്യയിലും ഈജിപ്തിലും ലിബിയയിലും ബഹ്‌റിനിലും ആഞ്ഞ് വീശുന്ന ജനാധിപത്യ കൊടുങ്കാറ്റ് സൌദി അറേബ്യയിലേക്കും കടക്കുകയാണോ? സൌദിയില്‍ രാഷ്ട്രീയ പരിഷ്കാരം ആവശ്യപ്പെട്ട് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് സന്ദേശത്തിന് ലഭിക്കുന്ന അനുകൂല പ്രതികരണം സൌദിയും ഈ വഴിക്കാണെന്ന സൂചന നല്‍കുന്നു.
എന്നാല്‍, ഏതു രാജ്യത്തുള്ളവരാണ് സൌദിയിലെ രാഷ്ട്രീയ നവീകരണത്തെ പിന്തുണച്ചുകൊണ്ട് കമന്റുകള്‍ അയയ്ക്കുന്നത് എന്ന് വ്യക്തമല്ല. ഇതിനിടെ, വ്യാഴാഴ്ചയോടെ ബഹ്‌റിന്‍ സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞില്ല എങ്കില്‍ ദേശവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്നാണ് ജനാധിപത്യവാദികള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
അതേസമയം, തടവിലാക്കിയിരിക്കുന്ന പ്രക്ഷോഭകരെ വിട്ടയച്ചും മനാമയിലെ തെരുവുകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചും വിമര്‍ശകരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബഹ്‌റിന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ.
രാജ്യം ഭരിക്കുന്ന സുന്നി മുസ്ലീങ്ങള്‍ തങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കണമെന്നാണ് പ്രക്ഷോഭകാരികളായ ഷിയ മുസ്ലീങ്ങള്‍ ആവശ്യപ്പെടുന്നത്. ചര്‍ച്ചയ്ക്ക് തയ്യാറാവണമെങ്കില്‍ സര്‍ക്കാര്‍ അധികാരമൊഴിയണം എന്നും ഭരണഘടനാ ഭേദഗതി നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാല്‍, ഇവ രണ്ടും അംഗീകരിക്കാന്‍ തയ്യാറല്ല എന്ന് രാജാവ് വ്യക്തമാക്കിയിട്ടുണ്ട്.
ടുണീഷ്യയിലും ഈജിപ്തിലും നടന്ന ജനകീയ മുന്നേറ്റങ്ങള്‍ വിജയിച്ചതില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ഫെബ്രുവരി 14 ന് ആണ് ബഹ്‌റിനില്‍ പ്രതിഷേധമാരംഭിച്ചത്. പ്രതിഷേധം ശക്തമായതോടെ ഇന്ത്യക്കാരടക്കമുള്ള വിദേശ തൊഴിലാളികള്‍ക്ക് ഭാവിയെ കുറിച്ചുള്ള ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്.