ബഹ്‌റിനില്‍ മൊബൈലുകള്‍ നിശ്ചലമായി

ബുധന്‍, 16 മാര്‍ച്ച് 2011 (12:18 IST)
PRO
ആഭ്യന്തര പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള നടപടികള്‍ ശക്തമാക്കിയ ബഹ്‌റിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രമുഖ മൊബൈല്‍ കമ്പനികള്‍ സേവനം നിര്‍ത്തിവച്ചത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഷിയ പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞ ദിവസമാണ് ബഹ്‌റിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

മനാമയിലെയും മറ്റ് പ്രശ്നബാധിത പ്രദേശങ്ങളിലെയും കടകളും വ്യാപാരസ്ഥാപനങ്ങളും ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇത് അവശ്യ സാധനങ്ങളുടെ ക്ഷാമത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

ബഹ്‌റിനിലെ രാഷ്ട്രീയ സാഹചര്യം മുന്‍‌നിര്‍ത്തി എല്ലാ ഇന്ത്യന്‍ തൊഴിലാളികളും ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇന്ത്യക്കാര്‍ താമസസ്ഥലം വിട്ട് പുറത്തിറങ്ങുന്നത് കരുതലോടെയാവണമെന്നും എംബസി അധികൃതര്‍ അറിയിക്കുന്നു.

മനാമയിലെ പേള്‍ സ്ക്വയറില്‍ തടിച്ചുകൂടിയിരുന്ന പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി ബഹ്റിനി പൊലീസ് മുന്നോട്ടുപോവുകയാണ്. പ്രക്ഷോഭകര്‍ക്ക് നേരെ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുന്നുണ്ട്. ഭരണ നവീകരണം ആവശ്യപ്പെട്ട് ഒരു മാസക്കാലമായി പ്രക്ഷോഭകര്‍ ഇവിടെ തമ്പടിച്ചിരിക്കുകയാണ്. പ്രക്ഷോഭകരുടെ ടെന്റുകള്‍ പൊലീസ് അഗ്നിക്കിരയാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രക്ഷോഭകരുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാഭടന്‍‌മാരും ഒരു പാകിസ്ഥാന്‍ വംശജനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ബഹ്‌റിനെ സഹായിക്കാനായി സൌദിയില്‍ നിന്ന് ആയിരവും യു‌എ‌ഇയില്‍ നിന്ന് അഞ്ഞൂറും സുരക്ഷാഭടന്മാര്‍ എത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക