ബഹിരാകാശത്തേക്ക് പോകാന്‍ എന്തൊരു തിരക്ക്!

ഞായര്‍, 5 ഫെബ്രുവരി 2012 (13:34 IST)
യാത്ര പോകാന്‍ താല്പര്യമില്ലാത്തവര്‍ ആരും തന്നെ ഉണ്ടായിരിക്കില്ല. പുതിയ സ്ഥലങ്ങള്‍ കാണാനും പരിചയപ്പെടാനും എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍, യാത്ര ബഹിരാകാശത്തേക്കാണെങ്കിലോ?

ബഹിരാകാശ യാത്രാ ഗവേഷണ ഏജന്‍സിയായ നാസയ്‌ക്ക് ഈ വര്‍ഷം ലഭിച്ച ബഹിരാകാശ യാത്രയ്‌ക്കുള്ള അപേക്ഷകളുടെ എണ്ണം 6372 ആണ്. ബഹിരാകാശ യാത്രാവിഭാഗത്തില്‍ അംഗമാകാനും പ്രവര്‍ത്തിക്കാനും ആളുകള്‍ക്ക് താല്പര്യം ഏറിവരുന്നതിന്റെ തെളിവാണ് അപേക്ഷകളുടെ ബാഹുല്യമെന്ന് നാസ പറയുന്നു.

ഭൂമിയുടെ ഭ്രമണപഥത്തിനും അപ്പുറത്ത് പുതിയ പര്യവേക്ഷണത്തിനുള്ള ഓറിയോണ്‍ സ്‌പെയിസ്‌ക്രാഫ്‌റ്റ് വികസിപ്പിക്കാന്‍ സഹായിക്കുന്നതിനുള്ള അന്താരാഷ്‌ട്ര സ്‌പെയിസ് സ്റ്റേഷനുണ്ട്. ഇവിടേക്ക് പുതിയ ജീവനക്കാരെത്തേടി നവംബറിലാണ് നാസ അപേക്ഷകള്‍ ക്ഷണിച്ചുതുടങ്ങിയത്. അപേക്ഷാ കാലാവധി ജനുവരി 27-ന് അവസാനിച്ചിരുന്നു.

സാധാരണ ഗതിയില്‍ 2000-നും 3000-നും ഇടയില്‍ ലഭിക്കാറുള്ള അപേക്ഷകളുടെ എണ്ണമാണ് ഇത്തവണ ഇരട്ടിയിലേറെ വര്‍ദ്ധിച്ചത്. ഈ അപേക്ഷകര്‍ക്കുള്ള അഭിമുഖപരീക്ഷയും വൈദ്യപരിശോധനയും ഉടന്‍ നടക്കും. ബഹിരാകാശ യാത്രാമോഹികളുടെ സ്വപ്‌നം അടുത്തകൊല്ലം പൂവണിയും. 2013-ലാണ് അന്തിമഫലം പുറത്തുവിടുന്നത്.

വെബ്ദുനിയ വായിക്കുക