പെഷവാര്‍ സ്ഫോടനം: മരണം 100 കവിഞ്ഞു

വ്യാഴം, 29 ഒക്‌ടോബര്‍ 2009 (12:21 IST)
PRO
പാകിസ്ഥാനിലെ പെഷവാറിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 106 ആയി. പരുക്കേറ്റവരില്‍ പലരുടെയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തില്‍ നൂറ്റിയമ്പതിലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു. പലരും ഗുരുതരമായ പൊള്ളലേറ്റ അവസ്ഥയിലാണ്. സമീപകാലത്ത് പാകിസ്ഥാന്‍ സാക്‍ഷ്യം വഹിച്ച ഏറ്റവും വലിയ സ്ഫോടനങ്ങളിലൊന്നായിരുന്നു ഇത്. പെഷവാറിലെ മീന ബസാറിലുള്ള പീപ്പിള്‍ മാണ്ടി വാണിജ്യ കേന്ദ്രത്തിലായിരുന്നു സ്ഫോടനം.

സ്ഫോടനത്തിനായി 150 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു വാഹനത്തില്‍ ഘടിപ്പിച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്‍റെ ശക്തിയില്‍ സമീപത്തെ കടകള്‍ക്ക് തീ പിടിച്ചതാണ് ദുരന്തത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിച്ചത്. മരിച്ചവരില്‍ 13 പേര്‍ കുട്ടികളും ഇരുപത്തിയേഴ് പേര്‍ സ്ത്രീകളുമാണ്.

സ്ത്രീകളെയായിരുന്നു തീവ്രവാദികള്‍ ലക്‍ഷ്യമിട്ടതെന്നാണ് സൂചന. സ്ത്രീകള്‍ മാര്‍ക്കറ്റില്‍ പോകുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളായി തീവ്രവാദികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

അതേസമയം പെഷവാര്‍ സ്ഫോടനത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ സുരക്ഷ കൂടുതല്‍ കര്‍ശനമാ‍ക്കിയിട്ടുണ്ട്. വാണിജ്യകേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും ബസ്, റെയില്‍‌വേ സ്റ്റേഷനുകളിലും നിരീക്ഷണവും പരിശോധനകളും കര്‍ശനമാക്കിയിട്ടുണ്ട്.

യു‌എസ് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിനാല്‍ തലസ്ഥാന നഗരമായ ഇസ്ലാമാബാദിലും മറ്റ് തന്ത്രപ്രധാന മേഖലകളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക