പിടിച്ചടക്കാന്‍ റഷ്യ; യുദ്ധഭീഷണിയില്‍ ഉക്രൈന്‍

തിങ്കള്‍, 3 മാര്‍ച്ച് 2014 (11:01 IST)
PRO
ഉക്രൈന്‍ യുദ്ധഭീഷണിയില്‍. റഷ്യന്‍ സൈന്യം ഏത് സമയവും യുദ്ധവെറിയോടെ ഉക്രൈനെ സമീപിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റഷ്യന്‍ ഭാഗത്ത് നിന്നുമുള്ള സൈനിക നീക്കത്തെ ചെറുക്കാന്‍ ഉക്രൈന്‍ സേന തയ്യാറെടുത്തിരിക്കുകയാണ്.

ഉക്രൈന്‍ ഭാഗമായ ക്രിമിയയില്‍ പിടിമുറുക്കിയ റഷ്യന്‍ സൈന്യം സമീപ മേഖലകളിലേക്കും നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ക്രിമിയയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. ക്രിമിയന്‍ പ്രവിശ്യ തലസ്ഥാനമായ സിംഫര്‍പോളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ അരങ്ങേറിയതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഉക്രൈനില്‍ നിന്നും റഷ്യന്‍സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്ന മുന്നറിയിപ്പുമായി അമേരിക്ക വീണ്ടും രംഗത്തെത്തി. ഉക്രൈന്‍ തങ്ങളുടെ വിലപ്പെട്ട പങ്കാളിയാണെന്നും രാജ്യത്ത് റഷ്യ നടത്തുന്ന സൈനിക നീക്കങ്ങളില്‍ നിന്നും പിന്‍മാറണമെന്നും നാറ്റോ തലവന്‍ ആവശ്യപ്പെട്ടു. റഷ്യക്കെതിരായ നാറ്റോ മേധാവിയുടെ കടുത്ത പ്രതികരണം പ്രശ്‌നത്തില്‍ അമേരിക്കയുടെ ഭാഗത്തു നിന്നും സൈനിക ഇടപെടല്‍ ഉണ്ടായേക്കുമെന്ന ആശങ്കയ്ക്കു കാരണമായിട്ടുണ്ട്.

ഉക്രൈനു പിന്തുണയുമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ചൊവ്വാഴ്ച രാജ്യം സന്ധര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉക്രൈനിലെ സൈനിക ഇടപെടലില്‍ പ്രതിഷേധിച്ച് ജിഎട്ട് കൂട്ടായ്മയില്‍ നിന്നും റഷ്യയെ പുറത്താക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. എന്നാല്‍ ജര്‍മനിയടക്കമുള്ള രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്തതായാണ് വിവരം.

വെബ്ദുനിയ വായിക്കുക