വിഷം കലര്‍ന്ന പാല്‍ കുടിച്ച് രണ്ട് കുട്ടികള്‍ മരിക്കാനിടയാവുകയും 300,000 പേര്‍ രോഗബാധിതരാവുകയും ചെയ്ത സംഭവുമായി ബന്ധപ്പെട്ട് രണ്ട്പേരെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധിച്ചു. പാല്‍ ഡയറിയുടെ മേധാവിക്കാവട്ടെ ജീവപര്യന്തവും ലഭിച്ചു.
സാന്‍ലു ഗ്രൂപ്പ് എന്ന കമ്പനിയുടെ മുന്‍ ജനറല്‍ മാനേജര്‍ ടിയാന്‍ വെന്‍ഹുവക്ക് വധശിക്ഷ ലഭിച്ചത് മെലാനിന്‍ കലര്‍ന്ന പാല്‍ വിറ്റതിനാണ്. മെലാനിന്‍ എന്ന വിഷവസ്തു സംഭരിച്ചതിതും 600 ടണ്ണോളം പാലില്‍ കലക്കാനായി വിറ്റതിനും കടയുടമയായ ഴാങ്ങ് യൂജൂനും വധശിക്ഷ ലഭിച്ചു. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്ക് അഞ്ചുമുതല്‍ പന്ത്രണ്ട് വര്‍ഷം വരെ തടവും വിധിച്ചിട്ടുണ്ട്.
സാന്‍ലു ഗ്രൂപ്പില്‍ നടന്ന സംഭവങ്ങള്‍ക്ക് ഉത്തരവാദി കമ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ നേതാക്കളുമാണെന്ന് ആരോപണമുണ്ട്. സാന്‍ലു ബേബി ഫോര്‍മുലയില്‍ മെലാനിന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ള വിവരം ഒളിപ്പിക്കാനായി ചിലരെ ബലിയാടാക്കുകയാണെന്നാണ് ഇവരുടെ വാദം.
ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഈ നടപടിയെ അപലപിച്ചിട്ടുണ്ട്. വിഷപ്പാല്‍ ഉണ്ടാക്കിയത് ശിക്ഷാര്‍ഹമാണെങ്കിലും വധശിക്ഷ നല്‍കുന്ന നടപടി പ്രാകൃതമാണെന്നാണ് ആംനെസ്റ്റിയുടെ അഭിപ്രായം.