ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസിലെ മാധ്യമസ്ഥാപനത്തില്‍ ഉണ്ടായ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ചാര്‍ളി ഹെബ്‌ഡോ എന്ന പേരിലുള്ള ദിനപത്രത്തിന്റെ ഓഫിസിലാണ് വെടിവെപ്പ് നടന്നത്. ആക്ഷേപഹാസ്യപരമായി വാര്‍ത്തകളെ സമീപിക്കുന്ന ദിനപത്രമാണ് ഇത്.
മുസ്ലിം നേതാക്കളെ ഹാസ്യവല്‍ക്കരിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതില്‍ പ്രകോപിതരായവരാണ് അക്രമത്തിന് പിന്നിലെന്ന് ഫ്രഞ്ച് ടി വി ചാനലായ ഐ-ടെലി റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തിന് പിന്നില്‍ ഐ എസ് ഭീകരരാണെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായും അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് സ്ഥിരീകരിച്ചതായി ഫ്രാന്‍സ് ഇന്‍ഫോ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
മുഖംമൂടി ധരിച്ച രണ്ടുപേര്‍ മാധ്യമസ്ഥാപനത്തിലേക്ക് കയറിപ്പോവുകയും ഏതാനും മിനിറ്റുകള്‍ക്ക് ശേഷം വെടി ശബ്ദം കേള്‍ക്കുകയുമായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു.