പാക്: 11 ജഡ്ജിമാരെ പുനര്‍നിയമിച്ചു

ചൊവ്വ, 17 മാര്‍ച്ച് 2009 (17:15 IST)
പാകിസ്ഥാനില്‍ മുഷറഫ് ഭരണകൂടം പിരിച്ചുവിട്ട മുന്‍ ചീഫ് ജസ്റ്റിസ് ഇഫ്തിഖര്‍ മുഹമ്മദ് ചൌധരിയടക്കം 11 ജ്ഡ്ജിമാരെ തല്‍‌സ്ഥാനങ്ങളില്‍ പുനര്‍നിയമിക്കാന്‍ സര്‍ദാരി ഭരണകൂടം ഉത്തരവിട്ടു.

അഞ്ച് സുപ്രിം കോടതി ജഡ്ജിമാരെയും ആറ് ഹൈക്കോടതി ജഡ്ജിമാരെയുമാണ് ഇന്ന് പുനര്‍നിയമിച്ചതെന്ന് ഡോണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പുനനര്‍നിയമിച്ചവരെല്ലാം ഉടന്‍ ചുമതല എറ്റെടുക്കും. എന്നാല്‍, ചൌധരി ഈ മാസം 21നെ ചുമതലയേല്‍ക്കുകയുള്ളു.

ഇവരെ പുനര്‍നിയമിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്‍റ് സര്‍ദാരി ഇന്നാണ് ഒപ്പുവച്ചത്. മു‍ന്‍ പ്രസിഡന്‍റ് പര്‍വേസ്‌ മുഷറഫ്‌ 2007 നവംബറില്‍ പുറത്താക്കിയ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ഇഫ്‌തിഖാര്‍ മുഹമ്മദ്‌ ചൗധരിയെയും ഒമ്പതു ജഡ്ജിമാരെയും പുനര്‍നിയമിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഇന്നലെ ഉത്തരവിട്ടിരുന്നു.

സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലേതും ഉള്‍പ്പെടെ അറുപതോളം ജഡ്ജിമാരെയാണ് മുഷറഫ് ഭരണകൂടം 2007 നവംബറിലെ അടിയന്തിരാവസ്ഥ കാലത്ത് പിരിച്ചുവിട്ടത്.

ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷരീഫിന്‍റെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

വെബ്ദുനിയ വായിക്കുക