പാകിസ്ഥാനില്‍ സൈനിക താവളം നിര്‍മ്മിക്കും: ചൈന

വെള്ളി, 29 ജനുവരി 2010 (19:28 IST)
PRO
പാ‍കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ സൈനിക താവളങ്ങള്‍ നിര്‍മ്മിക്കുമെന്ന് ചൈന. സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ചൈന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് ഏറെ തലവേദന ഉണ്ടാ‍ക്കുന്നതാണ് ചൈനയുടെ നീക്കം.

നിലവില്‍ രാജ്യത്തിന് വെളിയില്‍ ചൈനയ്ക്ക് സൈനിക താവളങ്ങള്‍ ഇല്ല. അമേരിക്ക ഇത്തരം താവളങ്ങള്‍ ഉണ്ടാക്കുന്നതിനെ ചൈന നിരന്തരം വിമര്‍ശിക്കുകയും ചെയ്തിരുന്നു. വിദേശരാജ്യങ്ങളില്‍ സൈനിക താവളങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നീക്കം ചൈന ഉപേക്ഷിച്ചിട്ടില്ലെന്ന് അറിയിപ്പില്‍ പറയുന്നു. ഭാവിയില്‍ മറ്റ് രാജ്യങ്ങളിലേക്ക് ചൈന സൈന്യത്തെ അയയ്ക്കില്ലെന്നും വിദേശരാജ്യങ്ങളില്‍ സൈനിക താവളങ്ങള്‍ നിര്‍മ്മിക്കില്ലെന്നും പറയുന്നത് അടിസ്ഥാന രഹിതമാണെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.

മേഖലയിലെ അമേരിക്കന്‍ സാന്നിധ്യത്തിന് തിരിച്ചടി നല്‍കാനും ഇന്ത്യയ്ക്ക് മേല്‍ കൂടൂതല്‍ സമ്മര്‍ദ്ദവും ലക്‍ഷ്യമിട്ടാണ് ചൈനയുടെ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തിനകത്തെ പ്രതിക്രിയാരൂപകമായ ആക്രമണങ്ങളെയും അയല്‍ മേഖലയിലെ പരമ്പരാ‍ഗത ശത്രുക്കളില്‍ നിന്നുള്ള തിരിച്ചടികള്‍ നേരിടാ‍നും ഈ നീക്കം സഹായകമാകുമെന്ന് ചൈന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സൈനിക താല്‍‌പര്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യം കൊടുക്കേണ്ട അവസ്ഥയാണ് ഉള്ളത്. പാകിസ്ഥാനില്‍ ഒരു സൈനിക താവളം ലഭിക്കുന്നത് ചൈനയുടെ പടിഞ്ഞാറന്‍ മേഖലയിലെ മുസ്ലീം വിഘടനവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ സഹായകമാകുമെന്ന് ചൈന വിശദീകരിക്കുന്നു. പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ക്സിന്‍‌ജിയാങ് മേഖലയില്‍ മുസ്ലീം വിഘടനവാദികളില്‍ നിന്നും കടുത്ത ഭീഷണിയാണ് ചൈന നേരിടുന്നത്.

വെബ്ദുനിയ വായിക്കുക