ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയെ (92) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ടേലയെ സാധാരണ പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
ജൊഹാന്നസ്‌ബര്‍ഗിലെ മില്‍പാര്‍ക്ക് ആശുപത്രിയിലാണ് മണ്ടേലയെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്ന് ‘ടാക്ക് റേഡിയോ 702’ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിലെ ദൃശ്യങ്ങള്‍ പുറത്തു കാണാതിരിക്കുന്നതിന് പ്രത്യേക വല ഉപയോഗിച്ച് മറ സൃഷ്ടിച്ചിട്ടുണ്ട് എന്നും നിരവധി വിഐപി വാഹനങ്ങള്‍ ആശുപത്രിയിലേക്ക് പോയതായും റേഡിയോ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസം ആദ്യം ട്വിറ്ററിലൂടെ മണ്ടേലയുടെ വ്യാജ മരണ വാര്‍ത്ത പ്രചരിച്ചിരുന്നു. ട്വിറ്റര്‍ സന്ദേശം വ്യാജമായിരുന്നു എങ്കിലും ആ സമയത്ത് അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു എന്ന് “റാപ്പോര്‍ട്ട്” പത്രം റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷിണാഫ്രിക്കയില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് എന്ന പദവിയും രാജ്യത്തെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റ് എന്ന പദവിയും മണ്ടേലയ്ക്ക് സ്വന്തമാണ്. വര്‍ണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിന് നീണ്ട 27 വര്‍ഷം ജയിലില്‍ കഴിഞ്ഞ മണ്ടേല 1990-ല്‍ ആണ് മോചിതനായത്. 1994-ല്‍ അദ്ദേഹം പ്രസിഡന്റായി സ്ഥാനമേറ്റു.