പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിഎംഎല്‍-എന്‍ നേതാവുമായ നവാസ് ഷരീഫ് വീട്ടുതടങ്കല്‍ ലംഘിച്ച് ലാഹോറില്‍ ലോംഗ് മാര്‍ച്ച് നയിക്കുന്നു എന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. തന്‍റെ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു കൊണ്ട് ഷരീഫ് പറഞ്ഞു.
വീട്ടുതടങ്കലിനെ കുറിച്ച് മാധ്യമ പ്രചാരം ലഭിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ആഭ്യന്തര ഉപദേഷ്ടാവ് റഹ്മാന്‍ മാലിക്ക് ഷരീഫ് സഹോദരന്‍മാര്‍ക്ക് വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല എന്ന വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു.
ലോംഗ്‌മാര്‍ച്ച് തിങ്കളാഴ്ച ഇസ്ലാമബാദില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, പൊലീസ് റോഡുകളില്‍ തടസ്സം സൃഷ്ടിക്കുകയും തടിച്ചു കൂടിയ നൂറുകണക്കിന് പ്രതിഷേധക്കാര്‍ക്ക് എതിരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച ഇസ്ലാമബാദില്‍ സുപ്രീം കോടതിക്ക് പുറത്ത് കുത്തിയിരുപ്പ് സമരം നടത്താനാണ് പ്രതിഷേഷക്കാരുടെ പദ്ധതി. നവാസ് ഷരീഫ് നയീക്കുന്ന ലോംഗ് മാര്‍ച്ചില്‍ അഭിഭാഷകരും പ്രതിപക്ഷ കക്ഷികളും പങ്കാളികളാണ്. പുറത്താക്കിയ ചീഫ് ജസ്റ്റിസ് ഇഫ്തികര്‍ ചൌധരിയെയും മറ്റ് ജഡ്ജിമാരെയും പുനര്‍നിയമിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.