നന്ദി അറിയിച്ച് മാര്‍പ്പാപ്പ വിടവാങ്ങുന്നു

ബുധന്‍, 27 ഫെബ്രുവരി 2013 (15:49 IST)
PRO
PRO
സ്ഥാനത്യാഗം ചെയ്യുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്റെ അവസാനത്തെ ഔദ്യോഗിക ചടങ്ങിനെത്തി. സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികള്‍ക്ക് നടുവില്‍ എത്തിയാണ് അദ്ദേഹം പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. മൂന്നരലക്ഷം വിശ്വാസികള്‍ ആണ് സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ തടിച്ചുകൂടിയത്. തുടര്‍ന്ന് അദ്ദേഹം അവസാനമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്തു. കാണാനെത്തിയവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

ജര്‍മനിയിലെ അവധിക്കാല വസതിയിലേക്ക് ഇനി മാര്‍പ്പാപ്പ താമസം മാറും. പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്ന ചടങ്ങിന് അദ്ദേഹം ഉണ്ടാവില്ല. ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്നാണ് 85കാരനായ ജര്‍മന്‍കാരന്‍ മാര്‍പ്പാപ്പ സ്ഥാനം ഒഴിയുന്നത്.

120 കോടി കത്തോലിക്കരുടെ ആത്മീയ നേതാവായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിരമിക്കുന്നതോടെ ‘എമെരിറ്റസ് പോപ്പ്‘ എന്നറിയപ്പെടും. ഔദ്യോഗിക വിരമിക്കലിന് ശേഷവും പൂര്‍വ്വ പദവി ബഹുമതിയായി ലഭിച്ചയാള്‍ എന്നാണ് എമെരിറ്റസിന്റെ അര്‍ത്ഥം. അദ്ദേഹത്തിന് തുടര്‍ന്നും വെള്ള തിരുവസ്ത്രം തന്നെ ധരിക്കാം.

600 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഒരു മാര്‍പ്പാപ്പ സ്ഥാനം ഒഴിയുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഈസ്റ്ററിന് മുമ്പ് പുതിയ മാര്‍പ്പാപ്പ സ്ഥാനം ഏല്‍ക്കും. ബെനഡിക്ട് പതിനാറാമന്റെ പിന്‍‌ഗാമിയെ കണ്ടെത്തുന്നതിനായി 120 കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടുന്ന കോണ്‍ക്ലേവ് മാര്‍ച്ച് മധ്യത്തോടെ ചേരും എന്നാണ് വിവരം.

പോപ്പ് ബനഡിക്ട് പതിനാറാമനെ മൂന്ന് മാസം മുന്‍പ് രഹസ്യ ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയതായി വത്തിക്കാന്‍ സ്ഥിരീകരിച്ചിരുന്നു. പേസ് മേക്കറിന്റെ സഹായത്തോടെയാണ് മാര്‍പ്പാപ്പയുടെ ഹൃദയം പ്രവര്‍ത്തിച്ചിരുന്നത്. ഇതിന്റെ ബാറ്ററി മാറ്റാനുള്ള ശസ്ത്രക്രിയയാണ് അന്ന് നടന്നത്.

എഴുപത്തെട്ടാം വയസിലാണ് ബെനഡ്കിട് പതിനാറാമന്‍ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19നു നടന്ന പേപ്പര്‍ കോണ്‍ക്ലേവില്‍ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഏപ്രില്‍ 25ന് മാര്‍പ്പാപ്പയെന്ന നിലയില്‍ ആദ്യ ദിവ്യബലി അര്‍പ്പിച്ചു. അതേ വര്‍ഷം മേയ്‌ ഏഴിന് സ്ഥാനമേറ്റു.

വെബ്ദുനിയ വായിക്കുക