താലിബാന് ഐഎസ്ഐ സഹായം: റിപ്പോര്‍ട്ട്

വ്യാഴം, 26 മാര്‍ച്ച് 2009 (14:22 IST)
അഫ്ഗാനിലെ താലിബാന്‍ പോരാളികള്‍ക്ക് പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ സഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിലെ താലിബാന്‍ അടക്കമുള്ള തീവ്രവാദ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഐഎസ്‌ഐയുടെ സഹായത്തോടെയാണ് എന്ന് അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിലെ തീവ്രവാദികള്‍ക്ക് ആക്രമണം നടത്തുന്നതിന് സാമ്പത്തിക സൈനിക സഹായവും തന്ത്രപരമായ സഹായവും നല്‍കുന്നത് ഐ എസ് ഐ ആണെന്നാണ് ആരോപണം. ഐ‌എസ്‌ഐ അഫ്ഗാനിലെ താലിബാന്‍ കമാന്‍ഡര്‍മാരുമായി നിരന്തരം ബന്ധപ്പെടാറുണ്ട്. ഐഎസ്‌ഐയുടെ സഹായത്തെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷാരംഭത്തോടെ അഫ്ഗാനില്‍ അക്രമങ്ങള്‍ കൂടിയതായി അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. തീവ്രവാദികള്‍ക്ക് ആക്രമണം ശക്തമാക്കാന്‍ സഹായം നല്‍കുന്നത് ഐഎസ്‌ഐ ആണെന്ന് നേരത്തേയും ആരോപണമുണ്ടായിരുന്നു. അഫ്ഗാന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഐഎസ്‌ഐ ശ്രമത്തോ‍ടെ തീവ്രവാദികള്‍ ശ്രമിക്കുന്നതെന്നും അമേരിക്ക ആരോപിക്കുന്നു.

എന്നാല്‍ അമേരിക്കയുടെ ആരോപണം പാകിസ്ഥാന്‍ നിഷേധിച്ചു. ഐ എസ് ഐക്ക് തീവ്രവാദ ബന്ധമില്ലെന്ന് പാക് വിദേശകാര്യമന്ത്രി കഴിഞ്ഞയാഴ്ച പ്രസ്താവിച്ചിരുന്നു. പാക് അഫ്ഗാന്‍ നയം അമേരിക്ക പുനപ്പരിശോധിക്കുന്നതിനിടെയാണ് പുതിയ ആരോപണങ്ങള്‍ വന്നിരിക്കുന്നതെന്ന് ഏറെ ശ്രദ്ധേയമാണ്. അഫ്ഗാനിലേയ്ക്ക് 17000 സൈനികരെ കൂടി അയക്കാന്‍ അമേരിക്ക നേരത്തെ തീരുമാനിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക