ഡ്രോണ്‍ സാങ്കേതികത കൈമാറണം: പാക്

വ്യാഴം, 26 ഫെബ്രുവരി 2009 (12:28 IST)
പാകിസ്ഥാനില്‍ അമേരിക്ക പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് അമേരിക്കയോട് പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. സൈനികാക്രമണങ്ങള്‍ക്കായി ഉപയോഗിക്കുന്ന പൈലറ്റില്ലാത്ത ചെറുവിമാനങ്ങളുടെ ഡ്രോണ്‍ സാങ്കേതികവിദ്യ പാകിസ്ഥാന്‌ അമേരിക്ക കൈമാറണമെന്നും അഫ്ഗാന്‍ - പാക് രാജ്യങ്ങളുടെ നയപരിശോധനയുടെ ഭാഗമായി അമേരിക്കയിലുള്ള പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ആവശ്യപ്പെട്ടു.

അമേരിക്ക ഡ്രോണ്‍ സാങ്കേതിക വിമാനങ്ങള്‍ ഉപയോഗിച്ച് തീവ്രവാ‍ദ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി അല്‍ക്വയ്ദ നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനേക്കാള്‍ കൂടുതല്‍ സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട് - ഖുറേഷി പറഞ്ഞു.

ഇത്തരം ആക്രമണങ്ങള്‍ അത്യാവശ്യമാണെങ്കില്‍ അതിന്‍റെ സാങ്കേതികത അമേരിക്ക പാകിസ്ഥാന്‌ കൈമാറണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന്‌ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഖുറേഷി പറഞ്ഞു. തീവ്രവാദം പൂര്‍ണ്ണമായും പരാജയപ്പെടുത്തുകയാണ് പാകിസ്ഥാന്‍റെ ലക്‍ഷ്യമെന്ന് ഖുറേഷി ഇന്നലെ പറഞ്ഞിരുന്നു.

17000 അമേരിക്കന്‍ സൈനികരെ കൂടി അഫ്ഗാനിലേയ്ക്ക് അയയ്ക്കാന്‍ ഒബാമ തീരുമാനിച്ചതിന് പിന്നാലെയാണ് തീവ്രവാദത്തിനെതിരെ പോരാടുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി മൂന്ന് രാജ്യങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.

വെബ്ദുനിയ വായിക്കുക