ജസീന്തയുടെ മരണത്തിനു കാരണക്കാരന് അവാര്‍ഡ്; യുകെയിലും ഓസ്ട്രേലിയയിലും പ്രതിഷേധം

വ്യാഴം, 6 ജൂണ്‍ 2013 (10:34 IST)
PRO
മംഗലാപുരം സ്വദേശിനിയായ നേഴ്സ് ജസീന്ത സല്‍ദാനയുടെ ആത്മഹത്യയിലേക്ക്‌ നയിച്ച സംഭവത്തിന്റെ കാരണക്കാരായ റേഡിയോ ജോക്കികളിലൊരാള്‍ക്ക്‌ അവാര്‍ഡ്‌. വാര്‍ത്ത പുറത്തുവന്നതോടെ യുകെയിലും ഓസ്ട്രേലിയയിലും പ്രതിഷേധം ഉയര്‍ന്നു. റേഡിയോ സ്റ്റേഷന്റെ 'ടോപ്പ്‌ ജോക്ക്‌' അവാര്‍ഡാണ്‌ മൈക്കല്‍ ക്രിസ്റ്റ്യന്‍ എന്ന ജോക്കിക്ക്‌ ലഭിച്ചിരിക്കുന്നത്.

രാജകുമാരിയായ കേറ്റ്‌ മിഡില്‍ട്ടണിന്റെ ആരോഗ്യവിവരം അറിയാന്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി, ചാള്‍സ് രാജകുമാരന്‍ എന്നിവരാണെന്ന വ്യാജേന ജോക്കികള്‍ ആശുപത്രിയിലേക്ക് ലണ്ടനിലെ കിംഗ്‌ എഡ്വേര്‍ഡ്‌ സെവന്ത്‌ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ജസീന്തയെ വിളിച്ച് പറ്റിച്ചതിന്റെ മൂന്നാം ദിവസമാണ് ജസീന്തയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

റേഡിയോ സ്റ്റേഷന്റെ നീക്കത്തിനെതിരേ ഓസ്ട്രേലിയന്‍ കമ്മ്യുണിക്കേഷന്‍ മിനിസ്റ്റര്‍ സ്റ്റീഫന്‍ കൊണ്‍റോയി രംഗത്തുവന്നു. തെറ്റായ നീക്കം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവാദ സംഭവം നടന്ന്‌ ആറു മാസത്തിനകമാണ്‌ അവാര്‍ഡ്‌ നല്‍കി റേഡിയോ സ്റ്റേഷനായ സതേണ്‍ ക്രോസ്‌ ഓസ്റ്റീരിയോ ഇയാളെ ആദരിച്ചിരിക്കുന്നത്‌.

ജസീന്തയുടെ മരണത്തെ തുടര്‍ന്ന്‌ സസ്പെന്‍ഷനിലായ ക്രിസ്റ്റ്യന്‍ പിന്നീട്‌ മെല്‍ബണിലെ ഫോക്സ്‌ എഫ്‌എമ്മിലേക്കു നീങ്ങിയിരുന്നു. ഇതിനിടെയാണ്‌ പഴയ റേഡിയോ സ്റ്റേഷനിലെ അവാര്‍ഡ്‌ ലഭിക്കുന്നത്‌. എല്ലി മോബ്സിനൊപ്പം ക്രിസ്റ്റ്യനും അവാര്‍ഡിന്‌ അര്‍ഹനാവുകയായിരുന്നു.

വെബ്ദുനിയ വായിക്കുക