ചോര്‍ത്തിയിട്ടില്ലെന്നും ചോര്‍ത്തുകയില്ലെന്നും ഒബാമ; തെളിവുണ്ടെന്ന് ജര്‍മ്മനി

വെള്ളി, 25 ഒക്‌ടോബര്‍ 2013 (09:33 IST)
PRO
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ ചാരപ്പണിക്കെതിരെ ശക്തമായ പ്രതികരണവുമായി ജര്‍മനിയും ഫ്രാന്‍സും അമേരിക്കയുടെ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി ഇരുരാജ്യങ്ങളും വിശദീകരണം തേടി.

തന്റെ ഫോണ്‍ ചോര്‍ത്തിയതിനെ അപലപിച്ച ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജലെ മെര്‍ക്കല്‍ സംഭവത്തെക്കുറിച്ച് പൂര്‍ണ വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ടു.
യു എസ്പ്രസിഡന്‍റ് ബരാക് ഒബാമയുമായി മെര്‍ക്കല്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു.

മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നും ഇനിയൊരിക്കലും ചോര്‍ത്തുകയില്ലെന്നും ഒബാമ അറിയിച്ചതായി വൈറ്റ്ഹൗസ് വക്താവ് ജേ കാര്‍നെ പറഞ്ഞു. അതേസമയം ഫോണ്‍ ചോര്‍ത്തിയതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് ജര്‍മനി വ്യക്തമാക്കി.

മെര്‍ക്കലിന്റെയും ഫ്രാന്‍സിലെ ലക്ഷക്കണക്കിനാളുകളുടെയും ഫോണ്‍സംഭാഷണങ്ങള്‍ യുഎസ് ചാരസംഘടനകള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത ലെ മോണ്ടെ ദിനപ്പത്രമാണ് തിങ്കളാഴ്ച പുറത്തുവിട്ടത്.

വാഷിങ്ടണിലെയും ഐക്യരാഷ്ട്രസഭയിലെയും ഫ്രഞ്ച് അംബാസഡര്‍മാരുടെ വിവരങ്ങളും ചോര്‍ത്തിയതായി പത്രം വെളിപ്പെടുത്തി.

ഫോണ്‍ചോര്‍ത്തലിനെക്കുറിച്ച് ബ്രസ്സല്‍സില്‍ വ്യാഴാഴ്ച തുടങ്ങിയ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ഉച്ചകോടിയില്‍ ഉന്നയിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലാദ് വ്യക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക