ചൈന പാകിസ്ഥാനില്‍ ആണവറിയാക്ടര്‍ നിര്‍മിക്കുന്നു

വ്യാഴം, 29 ഏപ്രില്‍ 2010 (11:53 IST)
PRO
പാകിസ്ഥാനില്‍ സൈനികേതര അവശ്യങ്ങള്‍ക്കുള്ള രണ്ട് പുതിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ ചൈന ഒരുങ്ങുന്നതായി സൂചന. പാകിസ്ഥാന്‍റെ കൈവശമുളള അണ്വായുധങ്ങള്‍ തീവ്രവാദികളുടെ കൈയിലെത്തിയേക്കുമെന്ന് ആഗോളതലത്തില്‍ പരക്കെ ആശങ്കയുള്ളപ്പോഴാണ് പഞ്ചാബ് പ്രവിശ്യയില്‍ 650 മെഗാവാട്ട് ശേഷിയുള്ള രണ്ട് പുതിയ ആണവറിയാക്ടറുകള്‍ സ്ഥാപിക്കാന്‍ ചൈന ഒരുങ്ങുന്നത്. ഇതില്‍ കാശ്മ പ്രവിശ്യയിലെ ആണവറിയാക്ടര്‍ 1991ല്‍ നിര്‍മാണം തുടങ്ങിയതാണ്.

ഇതേ സ്ഥലത്ത് 2005ലാണ് രണ്ടാമത്തെ റിയാക്ടര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ചൈന തുടങ്ങിയത്. രണ്ട് റിയാക്ടറുകളും അടുത്ത വര്‍ഷത്തോടെ കമ്മീ‍ഷന്‍ ചെയ്യുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് രണ്ട് റിയാക്ടറുകള്‍ക്കും വേണ്ട സാങ്കേതിക ധനസഹായം നല്‍കാന്‍ ചൈനയും പാകിസ്ഥാനും തമ്മില്‍ ധാരണയിലെത്തിയത്. ചൈനയുമായുള്ള ആണവോര്‍ജ സഹകരണം പാകിസ്ഥാന്‍ തുടരുമെന്നും പാകിസ്ഥാന്‍റെ ഊര്‍ജ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ആണവോര്‍ജം ആവശ്യമാണെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന പാക് ശാ‍സ്ത്രജ്ഞന്‍ പറഞ്ഞു.

2008ല്‍ അമേരിക്ക ഇന്ത്യയുമായി സൈനികേതര ആണവകരാറില്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന് സമാനമായ കരാര്‍ തങ്ങള്‍ക്കും വേണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് യു എസ് അനുകൂലമായല്ല പ്രതികരിച്ചത്. ഇതാണ് ചൈനീസ് സഹായം തേടാന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

ഈ മാസമാദ്യം യു എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ അധ്യക്ഷതയില്‍ നടന്ന അന്താരാഷ്ട്ര ആണവ സമ്മേളനത്തില്‍ ആണവായുധ സങ്കേതിക വിദ്യാ കൈമാറ്റത്തിന് എതിരാണെന്ന് ചൈന വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഊര്‍ജ അവശ്യങ്ങള്‍ക്കുളള സൈനികേതര ആണവസാങ്കേതിക വിദ്യ മറ്റ് രാജ്യങ്ങളുമായി പങ്കുവെയ്ക്കുമെന്നും ചൈനീസ് പ്രസിഡന്‍റ് ഹു ജിന്‍റാ‍വൊ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക