ചോഗം ഉച്ചകോടിക്കായി വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് കൊളംബോയില്‍

വ്യാഴം, 14 നവം‌ബര്‍ 2013 (14:22 IST)
PTI
ചോഗം ഉച്ചകോടിക്കായി വിദേശകാര്യന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് കൊളംബോയിലെത്തി. വിദേശകാര്യസെക്രട്ടറി അടങ്ങുന്ന ഉദ്യോഗസ്ഥ സംഘവും മന്ത്രിയോടൊപ്പം കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്കെത്തിയിട്ടുണ്ട്.

ഉച്ചകോടി ബഹിഷ്‌കരിക്കണമെന്ന തമിഴ്‌നാട്ടിലെ രാഷ്ട്രീയകക്ഷികളുടെ ആവശ്യത്തെക്കുറിച്ച്, വിവേകപൂര്‍വമുള്ള രാഷ്ട്രതാത്പര്യമെന്നതാണ് തങ്ങളുടെ നയം എന്നായിരുന്നു ഖുര്‍ഷിദിന്റെ പറഞ്ഞത്. ശ്രീലങ്കയിലെ തമിഴ് വംശജരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ഖുര്‍ഷിദ് പറഞ്ഞു.

കൊളംബോയില്‍ രണ്ടുകക്ഷികള്‍ മാത്രമുള്ള യോഗമല്ല നടക്കുന്നതെന്ന് ഓര്‍മിപ്പിച്ച ഖുര്‍ഷിദ്, സമ്മേളനത്തില്‍ ശ്രീലങ്കന്‍ തമിഴര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന കാര്യം ഉന്നയിക്കുമെന്ന് പറഞ്ഞു. ശ്രീലങ്കന്‍ കടലില്‍ ഇന്ത്യന്‍ മീന്‍പിടിത്തക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണവും ശ്രദ്ധയില്‍പെടുത്തും.

ശ്രീലങ്കയുടെ വടക്കന്‍ മേഖലയിലുള്ള തമിഴര്‍ക്ക് 15,000 വീടുകളും ഒട്ടേറെ റോഡുകളും നിര്‍മിച്ചുകൊടുക്കുന്നതടക്കമുള്ള പദ്ധതികള്‍ ചൂണ്ടിക്കാട്ടിയ മന്ത്രി, സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ലെന്ന് കൂട്ടിച്ചേര്‍ത്തു.

ചോഗം ബഹിഷ്‌കരിക്കണമെന്ന തമിഴ്‌നാട് നിയമസഭയുടെ ഏകകണ്ഠമായ പ്രമേയം തന്നെ ബുദ്ധിമുട്ടിച്ചെന്ന് ഖുര്‍ഷിദ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക