ചെചെന്‍ വിമതര്‍ അക്രമം ഉപേക്ഷിക്കുന്നു

തിങ്കള്‍, 27 ജൂലൈ 2009 (17:55 IST)
ചെചെന്‍ വിഘടനവാദികള്‍ പൊലീസിന് നേരെ നടത്തിവരുന്ന ആക്രമങ്ങള്‍ നിര്‍ത്തുമെന്ന് സംഘടനയുടെ രഹസ്യ സന്ദേശവാഹകന്‍ അഖ്മെദ് സകായേവ്. ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വയം പ്രതിരോധത്തിനല്ലാതെ ചെചെന്‍ പോരാളികള്‍ ആയുധം ഉപയോഗിക്കില്ലെന്ന് അദ്ദേഹം പറഞ്ഞതായി റഷ്യയുടെ കോമെര്‍സെന്‍റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. നാടുകടത്തപ്പെട്ട ചെചെന്‍ നിയമ വിദഗ്ദ്ധരും റഷ്യന്‍ മേഖലയിലെ സ്വയം പ്രഖ്യാപിത സര്‍ക്കാരിലെ പ്രതിനിധികളും തമ്മില്‍ ബര്‍ലിനില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ലണ്ടനില്‍ വച്ച് വരും ദിവസങ്ങളില്‍ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും സകായേവ് പറഞ്ഞു. ഞായറാഴ്ച ചെചെന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഗ്രോസ്നിയില്‍ ചാവേറാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് വിഘടനവാദികളുടെ പ്രഖ്യാപനം.

രാജ്യത്തെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിന് സകായേവിനെ തിരിച്ചുവരാന്‍ അനുവദിക്കുമെന്ന് ചെച്നിയന്‍ പ്രസിഡന്‍റ് റംസാന്‍ കാദിറോവ് ഈ മാസം ആദ്യം പറഞ്ഞിരുന്നു. 2002 മുതല്‍ ലണ്ടനിലാണ് വിമത പ്രസിഡന്‍റായിരുന്ന അസ്ലാന്‍ മസ്കാദോവിന്‍റെ അടുത്ത അനുയായി ആയിരുന്ന സകായേവ്.

വെബ്ദുനിയ വായിക്കുക