ചിലി ഭൂചലനം; മരണം 300 കവിഞ്ഞു

ഞായര്‍, 28 ഫെബ്രുവരി 2010 (09:48 IST)
PRO
ചിലിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ മുന്നൂറ് കവിഞ്ഞു. രണ്ട് മില്യന്‍ ജനങ്ങളെ ഭൂചലനം ബാധിച്ചതായാണ് വിലയിരുത്തല്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

റിക്ടര്‍ സ്കെയിലില്‍ 8.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ചിലിയില്‍ അനുഭവപ്പെട്ടത്. ലോകത്തില്‍ ഇതുവരെ അനുഭവപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ശക്തിയേറിയ ഭൂചലനങ്ങളിലൊന്നാണിതെന്ന് ഭൌമശാസ്ത്രജ്ഞര്‍ പറഞ്ഞു.

ഭൂചലനത്തെ തുടര്‍ന്ന് സുനാമിയും ഉണ്ടായിരുന്നു. ദ്വീപുകളില്‍ എട്ടടി ഉയരത്തില്‍ വരെ സുനാമിത്തിരകള്‍ അടിച്ചുകയറി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഭൂചലനം രാജ്യത്തെ മാരകമായി ബാധിച്ചതായി ചിലിയന്‍ പ്രസിഡന്‍റ് വ്യക്തമാക്കി. ആറ് മേഖലകളെ അതീവ ദുരന്തബാധിത പ്രദേശങ്ങളായി അദ്ദേഹം പ്രഖ്യാപിച്ചു.


ഭൂചലനത്തില്‍ കെട്ടിടങ്ങളില്‍ അഗ്നിബാധയുണ്ടാകുകയും ചെയ്തിരുന്നു. ആദ്യ പ്രകമ്പനത്തിന് ശേഷം തുടര്‍പ്രകമ്പനങ്ങളും ഉണ്ടായതായി ജനങ്ങള്‍ പറഞ്ഞു. പതിനൊന്നോളം തുടര്‍ പ്രകമ്പനങ്ങള്‍ ഉണ്ടായതായി യു‌എസ് ഭൌമശാ‍സ്ത്രവിഭാഗം വ്യക്തമാക്കി. ചില പ്രകമ്പനങ്ങള്‍ 6.0 വും അതിനു മുകളിലുമെത്തുമെന്നും ഭൌമശാസ്ത്രജ്ഞര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക