ക്ഷണക്കത്തുകള്‍ തയ്യാര്‍, ഇനി രാജകീയ വിവാഹം

ഞായര്‍, 20 ഫെബ്രുവരി 2011 (15:26 IST)
PRO
ലോകം കാത്തിരിക്കുന്ന രാജകീയ വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ക്ക് ബക്കിംഹാം കൊട്ടാരത്തില്‍ തുടക്കമായി. പേരക്കുട്ടിയായ വില്യം രാജകുമാരന്റെ വിവാഹത്തിന് ആളുകളെ ക്ഷണിക്കുന്ന തിരക്കിലാണ് എലിസബത്ത് രാജ്ഞിയിപ്പോള്‍. ഏപ്രില്‍ 29നാണ് വില്യം കാമുകി കേറ്റ് മിഡില്‍ട്ടനെ മിന്നുചാര്‍ത്തുക.

2, 000 ക്ഷണക്കത്തുകള്‍ തയ്യാറാക്കി അയച്ചു കഴിഞ്ഞു. സ്വര്‍ണലിപികളില്‍ തയ്യാറാക്കിയ കത്തുകള്‍ രാജ്ഞിയുടെ കയ്യൊപ്പോടു കൂടിയതാണ്. വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ നടക്കുന്ന ചടങ്ങിലേക്ക് 1,900 പേരെയാണ് ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, നയതന്ത്രജ്ഞര്‍, വിദേശരാജ്യ പ്രതിനിധികള്‍, സൈനികര്‍, സാ‍മൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലായാണ് കത്തുകള്‍ അയച്ചത്.

രാജ്ഞിക്കൊപ്പം ബക്കിംഹാം കൊട്ടാരത്തില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ 600 പേര്‍ക്ക് അവസരം ലഭിക്കും. അന്ന് വൈകിട്ട് ചാര്‍സ് രാജകുമാരന്‍ സംഘടിപ്പിക്കുന്ന വിരുന്നിലേക്ക് 300 പേരെ ക്ഷണിച്ചിട്ടുണ്ട്.

ചാള്‍സ് രാജകുമാരന്റെയും ഡയാനയുടെയും പുത്രനായ വില്യമും കേറ്റും എട്ടു വര്‍ഷമായി പ്രണയത്തിലാണ്. 28കാരായ ഇരുവരും എട്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് സ്കോട്ട്ലന്‍ഡിലെ സെന്‍റ് ആന്‍ഡ്രൂസ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ആയിരിക്കുമ്പോഴാണ് പ്രണയത്തിലാകുന്നത്. ഒക്‌ടോബറില്‍ കെനിയയില്‍ വച്ചായിരുന്നു വിവാഹനിശ്ചയം. ബിസിനസുകാരനായ മൈക്കല്‍ മിഡില്‍റ്റന്റെയും മുന്‍ എയര്‍ഹോസ്റ്റസ്‌ കരോളിന്റെയും മൂത്തമകളാണ്‌ കീറ്റ്‌.

സൈന്യത്തില്‍ പൈലറ്റായി സേവനമനുഷ്ഠിക്കുകയാണ് വില്യം.

വെബ്ദുനിയ വായിക്കുക