കൌതുക സൈക്കിളുമായി അമ്മയും ആറ് മക്കളും

വ്യാഴം, 13 സെപ്‌റ്റംബര്‍ 2012 (17:37 IST)
PRO
PRO
അമേരിക്കയില്‍ ഒരു അമ്മ തന്റെ ആറ് മക്കളോടൊപ്പം സൈക്കിളില്‍ പോകുന്നത് ഏറെ കൌതുകമുണര്‍ത്തുന്ന കാഴ്ചയായി മാറുന്നു. എമിലി ഫിഞ്ചാണ് വ്യത്യസ്തമായ ഡച്ച് കാര്‍ഗോ ബൈക്കില്‍ തന്റെ ആറ് കുഞ്ഞുങ്ങളോടൊപ്പം മനോഹരമായ യാത്രകള്‍ നടത്തുന്നത്.

ഡച്ച് കാര്‍ഗോ ബൈക്ക് എന്നത് ഒരു സാ‍ധാരണ ഇരുചക്രവാഹനമല്ല, ഒരു വലിയ സൈക്കിളിനു മുന്‍പിലായി നാല് പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഒരു കുട്ടയും, സൈക്കിളിനു പിന്നിലായി വേറൊരു ചെറിയ സൈക്കിളും ഘടിപ്പിച്ചിട്ടുണ്ട്. ഈ വലിയ വാഹനമാണ് ഡച്ച് കാര്‍ഗോ ബൈക്ക്. എമിലി അടക്കം ഏഴ് പേര്‍ ഇരിക്കുന്ന ഈ സൈക്കിളിന് 250 കിലോ ഭാരം വരും. പക്ഷേ എമിലി ഇതൊന്നും കാര്യമാക്കാതെ അനായാസേന സൈക്കിള്‍ ചവിട്ടി തങ്ങളുടെ ഷോപ്പിംഗും മറ്റ് ഉല്ലാസയാത്രകള്‍ക്കും പോകും.

സൈക്കിളിന്റെ മുന്നിലെ കുട്ടയിലാണ് ഇളയ കുട്ടികളായ മായ, ഒളിവിയ, ബെന്‍, ലൂസി എന്നിവരുടെ സ്ഥാനം. നടുവില്‍ അമ്മയെ കെട്ടിപ്പിടിച്ചാണ് മേരി ഇരിക്കുന്നത്. പുറകില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയ സൈക്കിളിലാണ് മൂത്തയാളായ നാതന്റെ ഇരിപ്പിടം. റോഡിലൂടെ വേഗത്തില്‍ സഞ്ചരിക്കുന്ന എമിലി ബൈക്ക് ഓടിക്കുന്നതുപോലെയാണ് ഈ സൈക്കിള്‍ ചവിട്ടി പോകുന്നത്.

ഒന്‍പത് പേരടങ്ങുന്ന കുടുംബമാണ് എമിലിയുടേത്. ഭര്‍ത്താവായ മിച്ച് വണ്‍ നഗരത്തിലെ ഡോക്ടറാണ്. ഈ വലിയ കുടുംബത്തിന് യാത്ര ചെയ്യുന്നതിനായി എമിലി വലിയ ഒരു വാഹനം അന്വേഷിച്ചു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഗൂഗിളില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് വ്യത്യസ്തമായ ഡച്ച് കാര്‍ഗോ ബൈക്കിനെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. പിന്നെ ഒട്ടും വൈകിയില്ല, ഏകദേശം 1500 പൌണ്ട് നല്‍കി എമിലി ഈ സൈക്കിള്‍ സ്വന്തമാക്കി.

കാര്‍ വാങ്ങണമെന്ന ആഗ്രഹവുമായി നടന്ന ഭാര്യ ഒരു സുപ്രഭാതത്തില്‍ സൈക്കിള്‍ വാങ്ങിയത് തന്നെ ഏറെ അതിശയപ്പെടുത്തിയെന്ന് ഭര്‍ത്താവ് മിച്ച് വണ്‍ പറഞു. എന്തായാലും പുത്തന്‍ സൈക്കിളില്‍ നടത്തുന്ന ഈ യാത്രകള്‍ താനും കുട്ടികളും ഏറെ ആസ്വദിക്കുന്നുണ്ടെന്നാണ് എമിലി പറയുന്നത്.

വെബ്ദുനിയ വായിക്കുക