സദ്ദാം ഹുസൈന്‍റെ വിശ്വസ്തനും മുന്‍ ഇറാഖി മന്ത്രിയുമായ ‘കെമിക്കല്‍ അലി’യെ തൂക്കിലേറ്റി. കെമിക്കല്‍ അലി എന്ന പേരില്‍ അറിയപ്പെടുന്ന അലി ഹസ്സന്‍ അല്‍ മജീദിന് നാലാമത്തെ വധശിക്ഷാ വിധി ലഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തെ തൂക്കിലേറ്റിയിരിക്കുന്നത്. കെമിക്കല്‍ അലിയെ തൂക്കിലേറ്റിയ വിവരം ഇറാഖ് സര്‍ക്കാരിന്‍റെ വക്താവാണ് അറിയിച്ചത്.
ഇക്കഴിഞ്ഞ പതിനേഴാം തീയതിയാണ്, സദ്ദാം ഹുസൈന്‍റെ ഭരണകാലത്ത് കുര്‍ദുകളെ വിഷവാതക പ്രയോഗത്തിലൂടെ കൂട്ടക്കൊല ചെയ്യാന്‍ ഉത്തരവിട്ടതിന് കെമിക്കല്‍ അലിക്ക് നാലാമത്തെ വധശിക്ഷ ലഭിച്ചത്. 1988ലാണ് കുര്‍ദിഷ് പട്ടണമായ ഹലാബ്ജയില്‍ കുര്‍ദുകളെ വിഷവാതകം പ്രയോഗിച്ച് കൊല്ലാന്‍ കെമിക്കല്‍ അലി ഉത്തരവിട്ടത്.
കെമിക്കല്‍ അലിയുടെ ഉത്തരവിനെ തുടര്‍ന്നുണ്ടായ വിഷവാതക പ്രയോഗത്തില്‍ അയ്യായിരം കുര്‍ദുകളെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ജെറ്റ് വിമാനം ഉപയോഗിച്ച് മാരകമായ വിഷം പ്രയോഗിക്കുകയാണ് ഉണ്ടായത്. രാസായുധങ്ങളുടെ പ്രയോഗത്തെ തുടര്‍ന്നാണ് അലി ഹസ്സന്‍ അല്‍ മജീദിന് ‘കെമിക്കല്‍ അലി’ എന്ന പേര് ലഭിച്ചത്.
സദ്ദാം ഹുസൈന്‍റെ അടുത്ത ബന്ധുവാണ് കെമിക്കല്‍ അലി. ഒളിവിലായിരുന്ന അദ്ദേഹത്തെ 2003ലാണ് അമേരിക്കന്‍ സൈന്യം പിടികൂടിയത്.