കാന് 10 ലക്ഷം ഡോളറിന്റെ ജാമ്യം

വെള്ളി, 20 മെയ് 2011 (10:55 IST)
PRO
ലൈംഗിക അപവാദ കേസില്‍ പെട്ട് രാജിവച്ച ഐ‌എം‌എഫ് തലവന്‍ ഡൊമനിക് സ്ട്രോസ് കാന് ന്യൂയോര്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 10 ലക്ഷം ഡോളര്‍ കെട്ടിവച്ചാണ് കാന്‍ ജയിലിനു പുറത്ത് എത്തിയത്.

ജാമ്യം നല്‍കി എങ്കിലും സ്ട്രോസ് കാനെ വീട്ടുതടങ്കലില്‍ സൂക്ഷിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. മന്‍‌ഹട്ടനിലെ ഒരു മന്ദിരത്തില്‍ സായുധ പൊലീസിന്റെ നിരീക്ഷണത്തിലാണ് മുന്‍ ഐ‌എം‌എഫ് തലവന്‍.

സ്ട്രോസ് കാന്‍ ജാമ്യത്തുക കെട്ടുന്നതിനു പുറമെ 50 ലക്ഷം ഡോളറിന്റെ ഇന്‍ഷുറന്‍സ് ബോണ്ടും വയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ജാമ്യ വാദത്തില്‍ കാനെ ജയില്‍ മോചിതനാക്കരുത് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.

ന്യൂയോര്‍ക്കിലെ ഒരു ആഡംബര ഹോട്ടലില്‍ വച്ച് പരിചാരികയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കാനെതിരെയുള്ള ആരോപണം. പരിചാരിക നല്‍കിയ പരാതിയെ തുടര്‍ന്ന് ഫ്രാന്‍സിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തില്‍ നിന്നാണ് കാനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാന് ജാമ്യം അനുവദിച്ചാല്‍ രാജ്യം വിടാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചായിരുന്നു പ്രോസിക്യൂഷന്‍ വാദമുഖങ്ങള്‍ ഉന്നയിച്ചത്.

വെബ്ദുനിയ വായിക്കുക