ഒബാമയ്ക്കെതിരെ സര്‍വേ‌‍: അന്വേഷണം തുടങ്ങി

ചൊവ്വ, 29 സെപ്‌റ്റംബര്‍ 2009 (09:04 IST)
PRO
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയ്ക്കെതിരെ ഓണ്‍ലൈനില്‍ വന്ന സര്‍വേയെക്കുറിച്ച് യുഎസ് സീക്രട്ട് സര്‍വീസ് അന്വേഷണം ആരംഭിച്ചു. ഒബാമ കൊല്ലപ്പെടേണ്ടത് ആവശ്യമാണോ എന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റായ ഫേസ്ബുക്കില്‍ വന്ന ഓണ്‍ലൈന്‍ സര്‍വേയെക്കുറിച്ചാണ് അന്വേഷണം. ശനിയാഴ്ചയാണ് സര്‍വേ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

സര്‍വേ ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ ഫേസ്ബുക്ക് അധികൃതര്‍ അത് നീക്കം ചെയ്യുകയായിരുന്നു. എങ്കിലും സര്‍വേയെക്കുറിച്ച് അന്വേഷിക്കാന്‍ യുഎസ് സീക്രട്ട് സര്‍വീസ് തീരുമാനിക്കുകയായിരുന്നു. സര്‍വേ ഗൌരവമായാണ് കാണുന്നതെന്ന് സീക്രട്ട് സര്‍വീസ് വക്താവ് ഡാരിന്‍ ബ്ലാക്ഫോര്‍ഡ് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്ന് ഫേസ്ബുക്ക് അധികൃതരും വ്യക്തമാക്കി.

ആഡ്‌ഓണ്‍ ആപ്ലിക്കേഷന്‍ വഴി പോസ്റ്റ് ചെയ്ത ചോദ്യത്തിന് വ്യത്യസ്തമായ അഭിപ്രാ‍യങ്ങളാണ് പ്രതികരിച്ചവര്‍ രേഖപ്പെടുത്തിയത്. പോള്‍ പെട്ടെന്ന് പിന്‍‌വലിച്ചതിനാല്‍ 700ഓളം പേര്‍ മാത്രമാണ് സര്‍വേയില്‍ പങ്കെടുത്തത്.

വെബ്ദുനിയ വായിക്കുക