ഒബാമയുടെ ആദ്യ ബില്‍: സ്ത്രീപുരുഷന്മാര്‍ക്ക് തുല്യവേതനം
ശനി, 31 ജനുവരി 2009 (10:14 IST)
അമേരിക്കന്‍ സ്ത്രീ പുരുഷ തൊഴിലാളിലാളികള്‍ക്ക് തുല്യവേതനം ഉറപ്പാക്കുന്ന ബില്‍ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പുവച്ചു. പ്രസിഡന്‍റ് പദവി ഏറ്റെടുത്തശേഷം ആദ്യം ഒപ്പു വയ്ക്കുന്ന ബില്ലാണിത്. ലിംഗഭേദം, വംശം, പ്രായം, മതം, വൈകല്യങ്ങള്‍ എന്നിവയുടെ പേരില്‍ വേതന വ്യത്യാസമുണ്ടാകുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തൊഴില്‍ സ്ഥലങ്ങളില്‍ രണ്ടാം തരം പൌരന്മാര്‍ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെന്‍സസ് ബ്യൂറോ കണക്കുകള്‍ പ്രകാരം പുരുഷന്മാര്‍ ചെയ്യുന്ന അതേ ജോലിക്ക് സ്ത്രീകള്‍ക്ക് കുറവ് വേതനമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ നിയമത്തിനായി വാദിച്ചിരുന്ന പ്രഥമ വനിത മിഷേല്‍ ഒബാമ, അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ വനിതാ അംഗങ്ങള്‍, നാന്‍സി പെലോസി എന്നിവര്‍ ബില്ലിനെ സ്വാഗതം ചെയ്‌തു.
ബില്ല് ഒപ്പുവച്ചതോടെ അമേരിക്കയില്‍ ഇത് ഒദ്യോഗിക നിയമമായി. 1964 ലെ സിവില്‍ അവകാശ നിയമത്തിന്റെ ഭേദഗതിയായാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.