ഒത്തുവലിച്ചാല്‍ വിമാനവും പോരും: വിമാനം വലിയില്‍ കരുത്ത് തെളിയിച്ച് ദുബായ് മലയാളികള്‍

വ്യാഴം, 3 മാര്‍ച്ച് 2016 (19:12 IST)
വടംവലിയില്‍ മലയാളികള്‍ എന്നും ഒരു പ്രത്യേക താല്പര്യം കാണിക്കാറുണ്ട്. എന്നാല്‍ വിമാനം വലിയിലും മലയാളികളുടെ കരുത്ത് തെളിയിച്ചിരിക്കുകയാണ് ദുബായ് മലയാളികള്‍. യുവര്‍ സൈറ്റ് അവര്‍ ഹാപ്പിനസ് എന്ന പേരില്‍ ദുബായില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഈ വേറിട്ട മത്സരം നടന്നത്. 
 
വലിയൊരു വടം ഉപയോഗിച്ച് നിര്‍ത്തിയിട്ടിരിയ്ക്കുന്ന വിമാനത്തെ റണ്‍വേയിലൂടെ വലിച്ച് നീക്കിയാണ് മലയാളികള്‍ വേറിട്ട പ്രകടനം കാഴ്ചവച്ചത്. ലോകത്തെമ്പാടുമുള്ള അന്ധര്‍ക്കും കാഴ്ചയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ അനുഭവിയ്ക്കുന്നവര്‍ക്കും വേണ്ടി ചികിത്സ ലഭ്യമാക്കുന്നതിന് പണം കണ്ടെത്തുന്നതിനായാണ് വിമാനം വലി നടത്തിയത്. ദുബായിലെ സ്ഥിരം താമസക്കാരും പ്രവാസികളും ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ മത്സരത്തില്‍ പങ്കെടുത്തു.
 
പത്ത് ഗ്രൂപ്പുകളായാണ് മത്സരം നടന്നത്.  747 ബോയിംഗ് വിമാനമാണ് മത്സരത്തിനായി ഒരുക്കിയത്. മത്സരത്തില്‍ പങ്കെടുത്ത ഓരോ ഗ്രൂപ്പും 1000 ദിര്‍ഹം വീതം എന്‍ജിഒയ്ക്ക് സംഭാവനയായി നല്‍കുകയും ചെയ്തു. ദുബായ് എയര്‍പോര്‍ട്ടും, ഓര്‍ബിസ് എന്ന എന്‍ജിയോയും സംയുക്തമായിട്ടാണ് പരിപാടി നടത്തിയത്. അന്ധരുടെ ചികിത്സയ്ക്കും ഉന്നമനത്തിനും വേണ്ടി പ്രവൃത്തിയ്ക്കുന്ന സംഘടനയാണ് ഓര്‍ബിസ്.
 
 
 

വെബ്ദുനിയ വായിക്കുക