ഇറാനുമേല്‍ പുതിയ ഉപരോധം ചുമത്താന്‍ പാടില്ലെന്ന് ബരാക് ഒബാമ. ഉപരോധം ചുമത്താന്‍ യുഎസ് കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ വീറ്റോചെയ്യുമെന്ന് പ്രസിഡന്‍റ് ബരാക് ഒബാമ പറഞ്ഞു.
ആണവവിഷയത്തില്‍ വന്‍ശക്തികള്‍ ഇറാനുമായി തുടരുന്ന ചര്‍ച്ച പരാജയപ്പെടുത്താന്‍ മാത്രമേ ഇത് ഉപകരിക്കുള്ളൂവെന്നും ഒബാമ അഭിപ്രായപ്പെട്ടു. യു.എസ്. ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും സംയുക്തസമ്മേളനമായ സ്റ്റേറ്റ് ഓഫ് യൂണിയനില്‍ നടത്തിയ വാര്‍ഷികപ്രസംഗത്തിലാണ് ഒബാമ നിലപാട് വ്യക്തമാക്കിയത്.
അഫ്ഗാനിസ്താനില്‍നിന്ന് ഈ വര്‍ഷം അവസാനത്തോടെതന്നെ യു.എസ്. സൈന്യത്തെ പിന്‍വലിക്കുമെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. 60,000 സൈനികര്‍ അഫ്ഗാനിസ്താനില്‍നിന്ന് മടങ്ങിയെത്തിയിട്ടുണ്ട്. യു.എസ്. ചരിത്രത്തിലെ ഏറ്റവുംനീണ്ട യുദ്ധത്തിന് അന്ത്യമാകുമെങ്കിലും വളരെ കുറഞ്ഞ സൈനികരെ അവിടെ നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആണവപരിപാടിയുമായി ബന്ധപ്പെട്ട് അമേരിക്ക ഉള്‍പ്പടെയുള്ള ആറ് രാജ്യങ്ങളുമായി നടത്തുന്ന ചര്‍ച്ച ഇറാന് ഒരു അവസരമാണെന്ന് പ്രസംഗത്തില്‍ ഒബാമ ചൂണ്ടിക്കാട്ടി. ഇത് വിജയിക്കുകയാണെങ്കില്‍ അന്താരാഷ്ട്രരാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് മടങ്ങിവരാന്‍ അവര്‍ക്ക് സാധിക്കും. അമേരിക്കയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്ക് ഇതാണ് നല്ലതെന്നും ഒബാമ പറഞ്ഞു.