ഇറാഖ് സ്ഫോടനം: മരണം 72

വെള്ളി, 17 മെയ് 2013 (12:42 IST)
PRO
PRO
മൂന്നുദിവസമായി ഇറാഖില്‍ വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 72 ആയി. 2013 തുടക്കം മുതല്‍ അല്‍ഖ്വെയ്ദയും സുന്നി തീവ്രവാദികളും നിരന്തരമായി ആക്രമണം നടത്തിവരികയാണ്. ബുധനാഴ്ചയുണ്ടായ സ്‌ഫോടനങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു.

വെള്ളിയാഴ്ച കിര്‍കുക്കില്‍ ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചിരുന്നു. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബാഗ്ദാദിന് 250 കിലോമീറ്റര്‍ വടക്ക് അല്‍ സഹാറാ പള്ളിയിലാണ് ചാവേറാക്രമണം ഉണ്ടായത്. പള്ളി ഭാഗികമായി തകര്‍ന്നു. ബുധനാഴ്ച ബോംബാക്രമണത്തില്‍ മരിച്ച ഒരാളുടെ ശവസംസ്‌കാര ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു ആക്രമണം.

ബാഗ്ദാദിലെ മൊസൂല്‍ നഗരത്തില്‍ വ്യാഴാഴ്ച ഉണ്ടായ കാര്‍ബോംബാക്രമണത്തില്‍ 11 പേര്‍ മരിച്ചിരുന്നു. 45 പേര്‍ക്കാണ് പരിക്കേറ്റത്. കൂടാതെ വടക്കുകിഴക്കന്‍ ബാഗ്ദാദിലെ ശൈത്ത് സദര്‍ നഗരത്തിലുണ്ടായ മൂന്ന് സ്‌ഫോടനങ്ങളില്‍ 14 പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.

തിരക്കേറിയ കച്ചവട കേന്ദ്രങ്ങളില്‍ രണ്ടു കാര്‍ബോംബുകള്‍ പൊട്ടിയാണ് 11 പേര്‍ മരിച്ചത്. 18 പേര്‍ക്ക് പരിക്കേറ്റു. മൂന്നാമത്തെ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

വെബ്ദുനിയ വായിക്കുക