ഇന്ത്യന്‍ യോഗാചാര്യനെതിരേ ലൈംഗികാതിക്രമത്തിന് കേസ്

വെള്ളി, 22 മാര്‍ച്ച് 2013 (18:09 IST)
PRO
PRO
ഇന്ത്യന്‍ യോഗാചാര്യനെതിരേ ലൈംഗികാതിക്രമത്തിന് യു എസില്‍ കേസ്. ബിക്രം യോഗാ സ്ഥാപകന്‍ ബിക്രം ചൌധരിക്കെതിരേയാണ് കേസ്, ബിക്രത്തിന്റെ ഒരു മുന്‍ ശിഷ്യയാണ് പരാതി നല്‍കിയിരിക്കുന്നത്. എ ബി സി ന്യൂസ് റിപ്പോര്‍ട്ട്പ്രകാരം മുന്‍ ശിഷ്യയായ സാറാ ബെയ്നാണ് ലോസ് ആഞ്ചലസിലെ ഉന്നത കോടതിയില്‍ പരാതി നല്‍കിയത്.

ഗുരുവായ ബിക്രം തന്നെ തെറ്റായ തരത്തില്‍ സമീപിച്ചു. തലമുടി കഴുകി തരുമോ എന്നു ചോദിച്ചു. മറ്റൊരവസരത്തില്‍ കഴിഞ്ഞ ജന്മം നമ്മള്‍ സുഹൃത്തുക്കളായിരുന്നുവെന്നും അതൊരു ബന്ധമാക്കി മാറ്റിയാലോയെന്ന് ബിക്രം ചോദിച്ചതായും പരാതി പറയുന്നു. ഇതു മാത്രമല്ല തന്റെ കരിയര്‍ നശിപ്പിച്ചതായും സാറ പറയുന്നു. ഇതാദ്യമല്ല യോഗാചാര്യനെതിരേ ലൈംഗിക പീഡനത്തിന് കേസുണ്ടാവുന്നത്. കഴിഞ്ഞ വര്‍ഷം അശ്ലീല പ്രയോഗം നടത്തിയതിനെതിരേ ഒരു സ്ത്രീ കോടതിയെ സമീപിച്ചിരുന്നു.

ഹഠയോഗയെ അടിസ്ഥാനമാക്കി ബിക്രം വികസിപ്പിച്ചെടുത്തതാണ് ബിക്രം യോഗയെന്നാണ് അദ്ദേഹത്തിന്റെ വെബ്സൈറ്റ് അവകാശപ്പെടുന്നത്. ഡേവിഡ് ബെക്കാം, ആന്‍ഡി മുറെ, മഡോണ, ജോര്‍ജ് ക്ലൂണി, ബിയോണ്‍സ് നോവല്‍‌സ് തുടങ്ങിയ പ്രമുഖര്‍ ശിഷ്യഗണത്തില്പെട്ടവരാണെന്നും പറയപ്പെടുന്നു.

1946ലാണ് കൊല്‍ക്കത്തയിലാണ് ബിക്രം ജനിച്ചത്. നാലാം വയസില്‍ പരമഹംസ യോഗാനന്ദന്റെ ഇളയ സഹോദരനായ ബിഷ്ണു ഘോഷിന്റെ ശിഷ്യനായി യോഗാഭ്യസനം ആരംഭിച്ചു. പതിമൂന്നാം വയസില്‍ ദേശീയ യോഗാ ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക