ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് നേരെയുള്ള അക്രമം തുടരുന്നു. ടാക്സിക്കാറില്‍ സഞ്ചരിച്ചിരുന്ന രണ്ട് ഓസ്ട്രേലിയക്കാര്‍ ഇന്ത്യക്കാരനായ ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതാണ് ഇത്തരത്തില്‍ ഏറ്റവും അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം.
ശനിയാഴ്ചയാണ് സംഭവം നടന്നത്. ഒഴിവുസമയത്ത് ടാക്സി ഡ്രൈവറായി ജോലിനോക്കിയിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ സവാരിക്കായി ബേര്‍ഡ്‌വ്യൂ അവന്യൂവിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്ന് ‘ദ ഏജ്’ റിപ്പോര്‍ട്ട് ചെയ്തു. വിക്ടോറിയന്‍ നഗരമായ ബെല്ലാരറ്റില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ വിദ്യാര്‍ത്ഥിയാണ് ഭീഷണിപ്പെടുത്തലിന് ഇരയായ ടാക്സി ഡ്രൈവര്‍. ഇന്ത്യന്‍ ടാക്സിഡ്രൈവര്‍മാര്‍ക്ക് നേരെ രണ്ട് ദിവസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ അക്രമ സംഭവമാണിത്.
ഒരു ഇന്ത്യന്‍ ടാക്സി ഡ്രൈവറെ നാല് യാത്രക്കാര്‍ ചേര്‍ന്ന് തുപ്പുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവം പുറത്ത് വന്നതിന് പിന്നാലെയാണ് കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടാക്സിക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണ സംഭവങ്ങളൊന്നും വംശീയപരമായിട്ടുള്ളതല്ല എന്നാണ് പൊലീസ് നിലപാട്.
ഇന്ത്യന്‍ ടാക്സി ഡ്രൈവറെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ ഒരു ഓസ്ട്രേലിയക്കാരന് കഴിഞ്ഞ ദിവസമാണ് മൂന്ന് മാസം തടവ് ശിക്ഷ നല്‍കിയത്.