ഒബാമയുടെ സ്വപ്‌ന പദ്ധതിയായ ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കെ അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥാ ഭീഷണിയില്‍.
സര്‍ക്കാര്‍ നടത്തിപ്പിനായി പണം കണ്ടെത്തുന്നതിന് പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നതു സംബന്ധിച്ചാണ് അഭിപ്രായ ഭിന്നത രൂക്ഷമായാണ് നിലകൊള്ളുന്നത്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ അവശ്യ സേവനങ്ങളൊഴികെ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും നിശ്ചലമാകും.
17 വര്‍ഷത്തിനിടെ ഇതാദ്യമായാണ് അമേരിക്ക ഇത്തരമൊരു അവസ്ഥ നേരിടുന്നത്. സാമ്പത്തിക അടിയന്തരാവസ്ഥ നിലവില്‍ വന്നാല്‍ എട്ടു ലക്ഷത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളമില്ലാതെ അവധിയില്‍ പോകേണ്ടിവരും. ആരോഗ്യ രക്ഷാ പദ്ധതിക്ക് 3000 കോടി ഡോളര്‍ നീക്കിവെക്കാനുള്ള ഒബാമയുടെ തീരുമാനത്തില്‍ യുഎസ് കോണ്‍ഗ്രസിനുള്ള എതിര്‍പ്പാണ് പ്രതിസന്ധിക്ക് കാരണം.
ആരോഗ്യ പദ്ധതി നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കുകയോ റദ്ദാക്കുകയോ ചെയ്താല്‍ ബജറ്റിനെ പിന്തുണയ്ക്കാമെന്നാണ് റിപ്പബ്ലിക്കന്‍ പക്ഷത്തിന് ഭൂരിപക്ഷമുള്ള അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ നിലപാട്. അമേരിക്ക നേരിടുന്ന സാമ്പത്തിക അടിയന്തരാവസ്ഥാ ഭീഷണി പൂര്‍ണമായും ഒഴിവാക്കാനാകുമെന്ന് ഒബാമ പ്രതീക്ഷ പ്രകടിപ്പിച്ചു. ആരോഗ്യ പദ്ധതി വൈകിപ്പിക്കുന്ന റിപ്പബ്ലിക്കന്‍ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു
സാമ്പത്തിക അടിയന്തരാവസ്ഥ അമേരിക്കയില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കും ഇടയാക്കും. 1995 ന്റെ അന്ത്യം മുതല്‍ 96ന്റെ ആദ്യം വരെയാണ് അമേരിക്കയില്‍ അവസാനമായി സാമ്പത്തിക അടിയന്തരാവസ്ഥയുണ്ടായത്.