അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപിനെ താമരയിലിരുത്തി അമേരിക്കന്‍ ഹിന്ദു സംഘം

വെള്ളി, 4 മാര്‍ച്ച് 2016 (13:48 IST)
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് പിന്തുണയറിച്ച് അമേരിക്കയിലെ ഒരു സംഘം ഹിന്ദുക്കള്‍ രംഗത്ത്. ട്രംപിന് വേണ്ടി ഇവര്‍ തയ്യാറാക്കിയ പോസ്റ്ററില്‍ അമേരിക്കന്‍ പതാകയുടെ നിറങ്ങളിലുള്ള താമരയ്ക്ക് സമാനമായ പുഷ്പത്തില്‍ ധ്യാനിച്ചിരിക്കുന്ന ട്രംപിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒപ്പം അമേരിക്കന്‍ പതാക പതിച്ചിരിക്കുന്ന ‘ ഓം’ ചിഹ്നവും ഉണ്ട്.
എന്തുകൊണ്ടാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കേണ്ടത് എന്ന കാരണങ്ങള്‍ നിരത്തി ഹിന്ദൂസ് ഫോര്‍ ട്രംപ് എന്ന പേരില്‍ ഒരു ഹാഷ് ടാഗും  ഈ പേരില്‍ തന്നെ ഒരു ഫേസ്ബുക്ക് പേജും ഇവര്‍ രൂപീകരിച്ചിട്ടുണ്ട്. 
 
ജനുവരിയിലാണ് ഒരു സംഘം ഇന്ത്യന്‍ അമേരിക്കക്കാര്‍ ട്രംപിന് പിന്തുണ നല്‍കിക്കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തന കമ്മറ്റി രൂപീകരിച്ചത്. ‘ ഇന്ത്യന്‍ അമേരിക്കന്‍ ഫോര്‍ട്രംപ് 2016’ എന്ന പേരില്‍ ഈ കമ്മറ്റി ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ട്രംപിന് പിന്തുണ നേടുന്നതിനും ഫണ്ട് രൂപീകരിക്കുകയുമാണ് ഇവരുടെ പ്രധാന ലക്ഷ്യം.
 
നിയമ വിരുദ്ധ കുടിയേറ്റത്തിലും സാമ്പത്തിക രംഗത്തുമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നയങ്ങളുമായിരുന്നു ഇന്ത്യന്‍ അമേരിക്കക്കാര്‍ ട്രംപിന് പിന്തുണയ്ക്കാതിരുന്നതിന് പ്രധാന കാരണമെന്ന് ഹിന്ദൂസ് ഫോര്‍ ട്രംപ് പ്രസിഡന്റായ ന്യൂ ജേഴ്‌സി സെടോണ്‍ ഹാള്‍ സര്‍വ്വകലാശാലയിലെ ബിസിനസ് പ്രൊഫസര്‍ എ ഡി അമര്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക