അമേരിക്കന്‍ നാവിക ആസ്ഥാനത്ത് വെടിവയ്പില്‍ 13 മരണം

ചൊവ്വ, 17 സെപ്‌റ്റംബര്‍ 2013 (08:13 IST)
PRO
PRO
അമേരിക്കന്‍ നാവിക ആസ്ഥാനത്ത് ഉണ്ടായ വെടിവയ്പില്‍ 13 പേര്‍ മരിക്കുകയും 12 നാവിക ഉദ്യോഗസ്ഥര്‍ക്ക് പരുക്കേള്‍ക്കുകയും ചെയ്തു. മൂന്നംഗ അക്രമസംഘമാണ് വെടിവയ്പ് നടത്തിയത്. അക്രമസംഘത്തിലെ ഒരാള്‍ പ്രത്യാക്രമണത്തില്‍ മരിച്ചു.

ഇന്നലെ രാവിലെ പ്രാദേശിക സമയം 8.20 നായിരുന്നു ആക്രമണം നടന്നത്. ആയുധങ്ങളുമായി നാവിക സേന ആസ്ഥാനത്ത് അതിക്രമിച്ചു കടന്ന ആക്രമികള്‍ മൂന്നു തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.

നാവിക ആസ്ഥാനത്തെ കഫറ്റേറിയയിലും അതിനോട് ചേര്‍ന്നുള്ള ഹാളിലും ഉണ്ടായിരുന്ന ജീവനക്കാരുടെ നേര്‍ക്ക് യൂണിഫോമില്‍ എത്തിയ അക്രമസംഘം വെടിവയ്ക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. മരിച്ച അമേരിക്കന്‍ പൗരന്മാരോടുള്ള ആദരസൂചകമായി വൈറ്റ് ഹൗസിലെ പതാക പകുതി താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്‍റ് ബാരക് ഒബാമ നിര്‍ദ്ദേശം നല്‍കി

പ്രത്യാക്രമണത്തില്‍ മരിച്ച അക്രമി ആരോണ്‍ അലക്‌സിസ് എന്ന മുന്‍ നാവിക ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്തി. ഇയാളെ പെരുമാറ്റ ദൂഷ്യത്തെ തുടര്‍ന്ന് സേനയില്‍ നിന്ന് പുറത്താക്കിയിരുന്നതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നാവിക സേന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക