അഫ്‌ഗാനിലേയ്‌ക്ക്‌ ഇ യു പരിശീലകരും

ശനി, 28 മാര്‍ച്ച് 2009 (09:42 IST)
അഫ്‌ഗാനിസ്ഥാനിലേയ്‌ക്ക്‌ കൂടുതല്‍ പൊലീസ്‌ പരിശീലകരെ അയക്കാനും പണം നല്‍കാനും തയ്യാറാണെന്ന്‌ യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. അഫ്ഗാനിലേക്ക് 4000 സൈനിക പരിശീലകരെ അയക്കാന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയനും സഹായം പ്രഖ്യാപിച്ചത്.

ക്രമസമാധാനം താറുമാറായ അഫ്ഗാന്‍ പുനക്രമീകരിക്കുന്നതിന് അഫ്ഗാന്‍ സുരക്ഷാ സേനയെ പ്രാപ്തമാക്കുന്നതിനാണ് പരിശീലനം നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച ചേര്‍ന്ന യൂണിയന്‍റെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം.

17000 സൈനികരെ അഫ്ഗാനിലേയ്ക്ക് അയക്കാന്‍ ഒബാമ ഭരണകൂടം നേരത്തെ തീരുമാനമെടുത്തിരുന്നു. അഫ്ഗാനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അഫ്ഗാനിലെ സുരക്ഷാ സേനയ്ക്ക് പരിശീലനം നല്‍കാന്‍ അമേരിക്ക തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായാണ് പരിശീലകരെ കൂടി അഫ്ഗാനിലേക്ക് അയക്കുന്നത്.

ഇപ്പോള്‍ 80000 തദ്ദേശീയ സൈനികര്‍ മാത്രമാണ് അഫ്ഗാനിസ്ഥാനിലുള്ളത്. 2011 ആകുമ്പോഴേയ്ക്കും സൈനികശേഷി 1,34000 ആയി വര്‍ധിപ്പിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 4000 പൊലീസുകാരെയും അധികമായി നിയമിക്കും. 78000 പൊലീസുകാരാണ്‌ ഇപ്പോള്‍ അഫ്ഗാനിലുള്ളത്‌.

വെബ്ദുനിയ വായിക്കുക