അഫ്ഗാനിസ്ഥാനില്‍ നാറ്റോ സേനയെ ലക്ഷ്യം വെച്ചുള്ള ചാവേര്‍ ബോംബാക്രമണത്തില്‍ പത്ത് കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ സൈനിക പെട്രോളിംഗിനെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് നാറ്റോ വക്താവും അഫ്ഗാന്‍ പോലീസും അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ രണ്ട് നാറ്റോ സൈനികരും ഒരു അഫ്ഗാന്‍ പോലീസുകാരനും ഉള്‍പ്പെടുന്നു.
പാകിസ്ഥാന്‍ അതിര്‍ത്തിയിലെ അഫ്ഗാന്‍ പ്രദേശം സാംഖാനിയിലെ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ ചാവേറാണ് ബോംബാക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൊല്ലപ്പെട്ട കുട്ടികള്‍ 12 വയസ്സില്‍ താഴെയുള്ളവരാണെന്നാണ് വിവരം.
ബോംബാക്രമണത്തില്‍ 20ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശത്തെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയ സമയത്തായിരുന്നു സ്‌ഫോടനമെന്ന് അഫ്ഗാന്‍ പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം അഫ്ഗാനില്‍ നാറ്റോ സേന നടത്തിയ ആക്രമണത്തില്‍ 57 താലിബാന്‍ പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു.