അപഹാരക്കേസ്; ഇന്ത്യന്‍ ബാങ്കര്‍ ന്യൂയോര്‍ക്കില്‍ പിടിയില്‍

ബുധന്‍, 20 ഏപ്രില്‍ 2011 (11:47 IST)
PRO
പണാപഹാരക്കേസില്‍ ഇന്ത്യന്‍ നിക്ഷേപ ബാങ്കര്‍ കുറ്റക്കാരനെന്ന് അമേരിക്കന്‍ ഫെഡറല്‍ കോടതി കണ്ടെത്തി. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഫ് എ ടെക്നോളജി എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ണറായ ഗിരിധര്‍ ശേഖറിനെയാണ് (41) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ പെന്‍ഷന്‍ പദ്ധതിയുടെ കരാര്‍ തന്റെ കമ്പനിക്ക് കിട്ടുന്നതിനു വേണ്ടി ന്യൂയോര്‍ക്ക് സംസ്ഥാന കോമ്പ്‌ട്രോളറുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതായി കോടതിയില്‍ തെളിഞ്ഞു.

മുപ്പത്തിയഞ്ച് ദശലക്ഷം ഡോളറിന്റെ കരാര്‍ തനിക്ക് തന്നില്ലെങ്കില്‍ ജനറല്‍ കൌണ്‍സലിനുള്ള വിവാഹേതരബന്ധം താന്‍ വെളിപ്പെടുത്തുമെന്നാണ് ശേഖര്‍ ഭീസണിപ്പെടുത്തിയത്. ഇമെയില്‍ സന്ദേശം വഴിയാണ് ഉദ്യോഗസ്ഥനെതിരെ ഭീസണി മുഴക്കിയത്. എന്നാല്‍ ഇത് വകവെക്കാതെ ഉദ്യോഗസ്ഥന്‍ പരാതി നല്‍കുകയായിരുന്നു. സംസ്ഥാനത്തിന്റെ പൊതു റിട്ടയര്‍മെന്റ് ഫണ്ടിന്റെ ട്രസ്റ്റിയും മാനേജരുമാണ് പരാതി നല്‍കിയത്.

കേസില്‍ 2009-നാണ് ശേഖര്‍ അറസ്റ്റിലാവുന്നത്. ബ്രൂക്ക്‌ലിനിലാണ് ഗിരിധര്‍ ശേഖര്‍ താമസിച്ചിരുന്നത്. രണ്ടുവര്‍ഷക്കാലമായി കേസ് കോടതിയുടെ പരിഗണനയില്‍ ആയിരിക്കുന്നു. കുറ്റക്കാരനാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇയാള്‍ക്ക് ഒന്നിലധികം വര്‍ഷം തടവുശിക്ഷ വിധിക്കാം. എന്താണ് ശിക്ഷയെന്ന് കോടതി വിധിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക