മലമ്പുഴ-കേരള വൃന്ദാവനം

WD
മലമ്പുഴ കേരളത്തിന്‍റെ വൃന്ദാവനമെന്നാണ് അറിയപ്പെടുന്നത്. പ്രകൃതിയുമായി ഏറ്റവും കൂടുതല്‍ സമരസപ്പെട്ട ഒരു സ്ഥലമാണ് മലമ്പുഴ ഗാര്‍ഡന്‍സ് എന്ന് പറയുന്നതില്‍ തെല്ലും അതിശയോക്തി ഉണ്ടാവില്ല. മാമലകള്‍ അതിരു കാക്കുന്ന ഇവിടം തെളിനീരൊഴുകുന്ന അരുവികളാലും പൂക്കളാലും ചെടികളാലും അതി മനോഹരമാണ്. മലമ്പുഴ ഗാര്‍ഡന്‍റെ രാത്രി കാഴ്ച ദീപാലങ്കാരങ്ങളാല്‍ അതി വിശിഷ്ടമാണ്.

റോക്ക് ഗാര്‍ഡന്‍

ദക്ഷിണേന്ത്യയിലെ ആദ്യ റോക്ക് ഗാര്‍ഡനാണ് മലമ്പുഴയിലേത്. ഇവിടെ പാഴ് വസ്തുക്കളും വളപ്പൊട്ടുകളും കല്ലുകളും എല്ലാം കാവ്യ ഭാവനയുടെ ചെപ്പില്‍ നിരത്തി ഒരുക്കിയിരിക്കുന്നത് ഒരു അത്ഭുത കാഴ്ച തന്നെയാണ്.

റോപ്പ് വേ

മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഒരു സങ്കേതമാണല്ലോ റോപ്പ് വേ. ഇതിന്‍റെ ആനന്ദവും അല്‍പ്പം സാഹസികതയും മലമ്പുഴയില്‍ ആസ്വദിക്കാന്‍ അവസരമുണ്ട്. ഗാര്‍ഡന് മുകളിലൂടെ 20 മിനിറ്റ് നീളുന്ന ഈ യാത്ര ഒരു പ്രത്യേക അനുഭവം തന്നെയാവും തീര്‍ച്ച!

മലമ്പുഴയിലെ യക്ഷി

സൌന്ദര്യത്തിന്‍റെ പ്രശസ്തി അതി വേഗമാണ് പരക്കുന്നത്. മലമ്പുഴയിലെ യക്ഷിയുടെ കാര്യവും അതേ പോലെ തന്നെയാണ്. കാനായി കുഞ്ഞുരാമന്‍ എന്ന അതുല്യ ശില്‍പ്പിയുടെ കര വിരുതാണ് മലമ്പുഴയില്‍ ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന യക്ഷി പ്രതിമ.

അക്വേറിയം, സ്നേക്ക് പാര്‍ക്ക്

മലമ്പുഴയിലെ അക്വേറിയവും സ്നേക്ക് പാര്‍ക്കും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മത്സ്യത്തിന്‍റെ ആകൃതിയിലാണ് അക്വേറിയം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനോട് ചേര്‍ന്നാണ് കുട്ടികളുടെ പാര്‍ക്ക്.

ഫാന്‍റസി പാര്‍ക്ക്

കേരളത്തിലെ ആദ്യ അമ്യൂസ്മെന്‍റ് പാര്‍ക്കാണിത്. ഇവിടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഹരം പകരുന്നതും സാഹസികങ്ങളുമായ വിനോദ ഉപാധികള്‍ ഒരുക്കിയിരിക്കുന്നു.

വെബ്ദുനിയ വായിക്കുക