തമ്പുരാന്‍റെ ഓര്‍മ്മയിലേക്ക് ഒരു യാത്ര

FILEFILE
ദൈവത്തിന്‍റെ നാടെന്ന് പേരുകേട്ട കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമാണ് തൃശൂര്‍. ഇവിടെ ചരിത്രവും ആചാരങ്ങളും കൈകോര്‍ക്കുന്നു.

ഒരുവശത്ത് പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്‍റെ മേളക്കൊഴുപ്പ് സഞ്ചാരികള്‍ക്ക് എന്നും ഹരമാവുമ്പോള്‍ ആന പ്രേമികളുടെ പറുദീസയാവുന്നു പൂരപ്പറമ്പ്.

എന്നാല്‍, ചരിത്രാന്വേഷികളെ സംബന്ധിച്ചിടത്തോളം തൃശൂര്‍ മറ്റൊരനുഭവമാവുന്നു. കേരള ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ശക്തന്‍ തമ്പുരാന്‍റെ ഓര്‍മ്മകള്‍ പേറി നില്‍ക്കുന്ന കൊട്ടാരം അവരെ ഹഠാകര്‍ഷിക്കുന്നു.

രാജ രാമവര്‍മ്മ പണികഴിപ്പിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം അപൂര്‍വമായ ഡച്ച്-കേരള നിര്‍മ്മിതിയുടെ ഉദാഹരണമാണ്. രണ്ട് നിലകളുള്ള ഈ കൊട്ടാരം നാല്കെട്ടായാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ഏതു കാലാവസ്ഥയിലും സുഖമായി താമസിക്കാവുന്ന രീതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ഈ കൊട്ടാരത്തിലെ മുറികള്‍ വിസ്താരമുള്ളതും കനത്ത ഭിത്തികളോടു കൂടിയതുമാണ്. നിലത്ത് ഇറ്റാലിയന്‍ മാര്‍ബിളാണ് പതിച്ചിരിക്കുന്നത്.

മൈസൂര്‍ രാജാക്കന്‍‌മാര്‍ വരെ ഇവിടെ താമസിച്ചിട്ടുള്ളതായാണ് പറയപ്പെടുന്നത്. കൊട്ടാരത്തോട് ചേര്‍ന്നുള്ള സര്‍പ്പക്കാവില്‍ ഇപ്പോഴും ആരാധന തുടരുന്നു എന്നതും ശ്രദ്ധേയമാണ്.
FILEFILE


ഇപ്പോള്‍ കേരള പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന ഈ കൊട്ടാരത്തില്‍ അപൂര്‍വങ്ങളായ പലവസ്തുക്കളും ശേഖരിച്ചിരിക്കുന്നു. ചെമ്പ്, പിത്തള ഉപകരണങ്ങളും പുരാതന ലിഖിതങ്ങളും പ്രതിമകളും ഈ ശേഖരത്തിന് മാറ്റുകൂട്ടുന്നു.

യാത്ര

കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്ന് 57 കിലോമീറ്ററും തൃശൂര്‍ റയില്‍‌വെ സ്റ്റേഷന് രണ്ട് കിലോമീറ്ററും അകലെയാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തൃശൂര്‍ ബസ് സ്റ്റേഷനില്‍ നിന്ന് ഇത് വഴി കടന്ന് പോവുന്ന ബസുകള്‍ സുലഭമാ‍ണ്.