കൃഷ്ണപുരം-ചരിത്രവും പുരാണവും ഒന്നിച്ച്

FILEFILE
ചരിത്രവും പുരാണവും ഈ കൊട്ടാരത്തിന്‍റെ അകത്തളങ്ങളില്‍ സമ്മേളിക്കുന്നു. കഴിഞ്ഞ കാലത്തെ ഭരണ താളങ്ങളുടെ നേര്‍ത്ത ശബ്ദങ്ങളും പുരാണങ്ങളുടെ മായിക നിറങ്ങളും സ്വപ്നം കാണുന്ന സഞ്ചാരികള്‍ക്ക് എന്നും ഹരം നല്‍കുന്ന ഇടമാണ് കൃഷ്ണപുരം കൊട്ടാരം.

തനി കേരളീയ മാതൃകയിലുള്ള കൃഷ്ണപുരം കൊട്ടാരത്തിന്‍റെ പഴക്കത്തെക്കുറിച്ച് ചരിത്ര പണ്ഡിതന്‍‌മാര്‍ക്ക് പോലും ഏകാഭിപ്രായമില്ല. പതിനെട്ടാം നൂറ്റാണ്ടില്‍ ഇത് പുതുക്കി പണിഞ്ഞു എങ്കിലും തനിമയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

കേരളത്തില്‍ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ചുമര്‍ ചിത്രമുള്ളത് ഇവിടെയാണ്. ‘ഗജേന്ദ്ര മോക്ഷം’ എന്ന ചുവര്‍ ചിത്രത്തിന് 49 ചതുരശ്ര അടി വലിപ്പമാണുള്ളത്.

ഈ ചിത്രത്തിനും ഒരു കഥ പറയാനുണ്ട്. വിഷ്ണു ഭക്തരായ കായം കുളം രാജാക്കന്‍‌മാരുടെ കഥ. കായംകുളം രാജാക്കന്‍‌മാര്‍ ദിവസവും പള്ളിനീരാട്ട് കഴിഞ്ഞ് ഈ ചിത്രത്തെ വന്ദിക്കുമായിരുന്നത്രേ. അതാണ് ചിത്രം കുളത്തിന് അഭിമുഖമായി വരാന്‍ കാരണമെന്നും പറയപ്പെടുന്നു.

ഇപ്പോള്‍ കൃഷ്ണപുരം കൊട്ടാരം പുരാവസ്തു വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. ചിത്രങ്ങളുടെയും രാജ ശാസനങ്ങളുടേയും അപൂര്‍വ കലവറയാണീ കൊട്ടാരം.

ആലപ്പുഴ നിന്ന് 47 കിലോമീറ്റര്‍ അകലെ കായംകുളത്താണ് കൃഷ്ണപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത്. തിങ്കള്‍ ഒഴികെ എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ സന്ദര്‍ശകരെ അനുവദിക്കും.

വെബ്ദുനിയ വായിക്കുക