ഇന്ത്യയ്ക്ക് ഒളിമ്പിക്സില്‍ നിന്നൊരു സമ്മാനം

Webdunia
PTI
ഒളിമ്പിക്സിന്‍റെ കളി മുറ്റത്ത് പകച്ച് നിന്ന ഇന്ത്യയ്ക്ക് ഇനി ആശ്വസിക്കാം. അഭിനവ് ബിന്ദ്ര എന്ന യുവ പോരാളി മാതൃരാജ്യത്തിനുള്ള അറുപത്തിയൊന്നാം സ്വാതന്ത്ര്യ ദിന സമ്മാനമായി ഒളിമ്പിസ് സ്വര്‍ണം ഇന്ത്യയില്‍ എത്തിച്ചു. ഇന്ത്യന്‍ കായിക ലോകത്തിന് അന്താരാഷ്ട്ര തലത്തില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഈ നേട്ടം സഹായിക്കും.

ഒളിമ്പിസിന്‍റെ 108 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വ്യക്തിഗത സ്വര്‍ണം നേടുന്ന ഇന്ത്യക്കാരന്‍ എന്ന ബഹുമതി അഭിനവ് സ്വന്തമാക്കി. പതിനേഴാം വയസില്‍ ഒളിമ്പിക്സില്‍ അരങ്ങേറ്റം നടത്തിയ അഭിനവ് മൂന്നാം ഒളിമ്പിക്സിലാണ് സ്വപ്ന സമാനമായ നേട്ടം കൈവരിച്ചത്.

കായിക ഇന്ത്യയ്ക്ക് ഒരു ഒളിമ്പിക് സ്വര്‍ണം നേടാനായി കാത്തിരിക്കേണ്ടി വന്നത് നീണ്ട 28 വര്‍ഷങ്ങളായിരുന്നു. 1980 ലെ മോസ്കോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമായിരുന്നു അവസാനമായി ഒരു ഒളിമ്പിക്സ് സ്വര്‍ണം ഇന്ത്യയിലെത്തിച്ചത്. എന്നാല്‍, ഒളിമ്പിക്സില്‍ വ്യക്തിഗത ഇനത്തില്‍ ആദ്യമായി സ്വര്‍ണം നേടിയ ഇന്ത്യക്കാരന്‍ എന്ന ബഹുമതി എന്നും അഭിനവിനുള്ളത് തന്നെ.

PTI
ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണമണിഞ്ഞ അഭിനവിന് 2001 ല്‍ അര്‍ജ്ജുന അവാര്‍ഡും 2001-02 ലെ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാ‍ര്‍ഡും ലഭിച്ചിട്ടുണ്ട്. അഭിനവിന്‍റെ നേട്ടത്തില്‍ മലയാളിയായ പരിശീലകന്‍ പ്രഫ. സണ്ണി തോമസിനും അഭിമാനിക്കാന്‍ ഏറെയുണ്ട്.

ചണ്ഡിഗഡ് സ്വദേശിയായ അഭിനവ് 1982 സെപ്തംബര്‍ 28 നാണ് ജനിച്ചത്. ഡോ.എ എസ് ഭിന്ദ്രയും ബബ്‌ലി ഭിന്ദ്രയുമാണ് മാതാപിതാക്കള്‍. അഭിനവ് ഭിന്ദ്ര ചണ്ഡിഗഡിലെ കമ്പ്യൂട്ടര്‍ ഗെയിം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന അഭിനവ് ഫ്യൂച്ചറിസ്റ്റിക്സ് എന്ന കമ്പനിയുടെ സി ഇ ഒ കൂടിയാണ്.