മേളയില്‍ അതിര്‍ത്തികള്‍ ഇല്ലാതാകുന്നു

വ്യാഴം, 18 ഡിസം‌ബര്‍ 2008 (13:31 IST)
PRO
വ്യത്യസ്‌ത ചിന്താഗതിക്കാരും വിശ്വാസികളും ഒത്തുചേരുമ്പോള്‍ ദേശീയത അതിര്‍ത്തികള്‍ ഇല്ലാതാകുന്നതാണ് തുര്‍ക്കിയിലെ അനുഭവമെന്ന്‌ നടിയും ആക്‌ടിവിസ്റ്റുമായ ദെരിയാ ദര്‍മസ്‌ അഭിപ്രായപ്പെട്ടു.

ഓപ്പണ്‍ ഫോറത്തില്‍ രാഷ്‌ട്രവും സിനിമയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ദര്‍മസ്‌. സിനിമയില്‍ അഭിനയിക്കുന്നത്‌ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്‌. സിനിമ തുര്‍ക്കിയില്‍ ശക്തമല്ലെന്നും അവര്‍ പറഞ്ഞു. ടെലിവിഷനാണ്‌ സിനിമയെക്കാള്‍ ശക്തമെന്നും അതുകൊണ്ട്‌ തനിക്ക്‌ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കേണ്ടിവന്നുവെന്നും ദെര്‍മസ്‌ പറഞ്ഞു.

സിനിമയും രാഷ്‌ട്രവും വ്യത്യസ്‌തമായ രീതിയിലെ വ്യാഖ്യാനിക്കാന്‍ കഴിയു - തുര്‍ക്കി ചലച്ചിത്രമേളയിലെ പ്രോഗ്രാമര്‍ ഗോണൂല്‍ അഭിപ്രായപ്പെട്ടു. കൂര്‍ദുകളെയും തുര്‍ക്കികളെയും അര്‍മേനിയക്കാരെയും മാറ്റിനിറുത്തുന്ന ആഖ്യാനങ്ങളാണ്‌ തുര്‍ക്കി സിനിമയില്‍ അടുത്തകാലം വരെ ഉണ്ടായിരുന്നത്‌. റെയ്‌ സെലിക്കിന്റേയും്‌ ഹുസൈന്‍ കാരാബിയുടെയും സിനിമകളാണ്‌ മാറ്റത്തിന്‌ തുടക്കമിട്ടത്‌.

പ്രാദേശികതനിമ നിലനിര്‍ത്താന്‍ കഴിയുമെങ്കില്‍ ആഗോളവല്‍ക്കരണത്തെ സ്വാഗതം ചെയ്യാമെന്ന്‌ റെയ്‌ സെലിക്‌ അഭിപ്രായപ്പെട്ടു. പാരമ്പര്യത്തിന്റെ കാര്യത്തില്‍ തുര്‍ക്കിയും ഇന്ത്യയും പ്രത്യേകിച്ച്‌ കേരളവും തമ്മില്‍ ഒരുപാട്‌ സാദൃശ്യങ്ങളുണ്ട്‌. ഇന്ത്യന്‍ സിനിമ കാണുമ്പോള്‍ വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ രാഷ്‌ട്രം എന്ന സങ്കല്‌പം സൃഷ്‌ടിച്ചത്‌ ബ്രിട്ടീഷുകാരാണ്‌. അതിര്‍ത്തി എന്നത്‌ മനുഷ്യത്വവും സംസ്‌കാരവും വേര്‍പെടുത്തുന്ന ആശയഗതിയാണെന്നും ചലച്ചിത്ര നിരൂപകന്‍ പ്രദീപ്‌ ബിശ്വാസ്‌ അഭിപ്രായപ്പെട്ടു. സിനിമ ഏറ്റവും ശക്തമായ ബോധവല്‍ക്കരണം പ്രധാനപ്പെട്ട ഉപകരണമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വി.സി.ഹാരീസ്‌ അധ്യക്ഷത വഹിച്ചു. ആന്റോണിയോണിയുടെ ലാനോട്ട, മിഷേല്‍ ഫുക്കോ യുടെ ദിസ്‌ ഈസ്‌ നോട്ട്‌ എ പൈപ്പ്‌, സിദ്ദിഖ്‌ ബര്‍മാക്കിന്റെ ഒസാമ എന്നീ പുസ്‌തകങ്ങള്‍, കെ.പി.കുമാരന്‍ വി.സി.ഹാരിസിനും എം.ജി.ശശി നൂറനാട്‌ രാമചന്ദ്രനും നല്‍കി പ്രകാശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക