ചികിത്സ പരാജയമടയുന്നിടത്ത് ചികിത്സകനും പൂര്‍ണ്ണമായി പരാജയപ്പെടുകയാണ് പതിവ്. എന്നാല്‍ ഈ പരാജയത്തിന്‍റെ കയ്പ് നീര്‍ മറ്റൊരു ലോകോപകാര ചികിത്സയുടെ ആവിഷ്ക്കാരത്തിന് വഴിവച്ച സംഭവമാണ് ഹോമിയോപ്പതി ചികിത്സയുടെ ചരിത്രത്തിന് പറയാനുള്ളത്.
ഡോ. സാമുവല്‍ ഹനിമാന്‍ എന്ന ജര്‍മന്‍ അലോപ്പതി ചികിത്സകന്‍ ടൈഫോയിഡ് ബാധിച്ച സ്വന്തം കുഞ്ഞിനെ, അലോപ്പതി ചികിത്സാ വിധി പ്രകാരം ചികിത്സിക്കുകയായിരുന്നു. എന്നാല്‍ പഠിച്ച അലാപ്പതി വൈദ്യ ശാസ്ത്രം ടൈഫോയിഡിനു മുന്നില്‍ തോറ്റു തുന്നം പാടിയതു കണ്ട് അദ്ദേഹം അമ്പരന്നു. ഇതുവരെ ഏറെ ഫലപ്രദമെന്ന് താന്‍ കരുതുകയും പ്രചരിപ്പിക്കുകയും ചെയ്ത ശാസ്ത്രശാഖയ്ക്ക് ഏറെ പോരായ്മകള്‍ ഉള്ളതായി അദ്ദേഹത്തിന് മനസ്സിലായി. ഇതദ്ദേഹത്തെ ഏറെ ചിന്താകുലനാക്കി. എങ്ങനെ ഈ പ്രതിസന്ധി പരിഹരിക്കാം? അദ്ദേഹം ചിന്തിച്ചു തുടങ്ങി.
അപ്പോഴാണ് ക്വയിനാ മരങ്ങളുടെ പ്രത്യകതകള്‍ അദ്ദേഹത്തിന്‍റെ മനസ്സില്‍ പതിഞ്ഞത്. പിന്നീട് അതേ കുറിച്ചായി പഠനങ്ങള്‍. മലമ്പനിയെ പ്രതിരോധിക്കാന്‍ ഗ്രാമീണര്‍ ഈ വൃക്ഷത്തെ ഉപയോഗിക്കുമെന്ന പുത്തനറിവ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. കാരണം രോഗാണുക്കളിലൂടെ പകരുന്ന മലേറിയയെ, രോഗുണുവില്ലാതെ തന്നെ പരത്താന്‍ ക്വയിനാ മരങ്ങള്‍ക്കാവും. അപ്പോള്‍ പിന്നെ രോഗപ്രതിരോധ ശേഷി എങ്ങനെ പ്രാവര്‍ത്തികമാകും? അദ്ദേഹത്തിന് സംശയങ്ങള്‍ വര്‍ധിച്ചു വന്നു. ക്വയിനാ വൃക്ഷ ചില്ലകള്‍ ഉപയോഗിച്ച് അദ്ദേഹം പരീക്ഷണം ആരംഭിച്ചു. പരീക്ഷണ ഫലങ്ങള്‍ ഏറെ ആശാവഹമായിരുന്നു. ക്വയ്നാ ഇലകളിലെ രോഗകാരിയായ അംശം നേര്‍ത്ത അളവില്‍ പ്രതി ഔഷധമായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് അദ്ദേഹം കണ്ടെത്തി.
ഈ അറിവാണ് ഹോമിയോപ്പതി വൈദ്യശാസ്ത്രശാഖയ്ക്ക് അസ്ഥിവാരം നല്‍കിയത്. രോഗ ഹേതുകൊണ്ട് തന്നെ രോഗത്തെ ചികിത്സിക്കുന്ന സമ്പ്രദായത്തിന് ഇപ്രകാരം ആരംഭമായി. "ലൈക്ക് ക്യൂയേഴ്സ് ലൈക്ക്'എന്ന തന്‍റെ ഗ്രന്ഥത്തില്‍ ഇതേക്കുറിച്ച് അദ്ദേഹം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
രോഗഹേതുവിനെ കണ്ടെത്തി രോഗപരിഹാരം നടത്തുന്ന ഹോമിയോ ചികിത്സയില്‍ പ്രകൃതിജന്യ വസ്തുക്കളാണ് ഔഷധമായി ഉപയോഗിക്കുന്നത്. വൈറസുകള്‍ മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്കും ഹോമിയോ ചികിത്സ ഏറെ ഫലപ്രദമാണ്. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നത് ചികിത്സയെ ഏറെ ജനപ്രിയമാക്കുന്നു. ഹൃദയ സ്തംഭനം, അര്‍ബുദം, എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ് എന്നിവയ്ക്ക് ഫലപ്രദമായ ഔഷധങ്ങള്‍ ഹോമിയോപ്പതി വാഗ്ദാനം ചെയ്യുന്നു.
സാമുവല്‍ ഹാനിമാന്‍
ഹോമിയോ വൈദ്യശാസ്ത്ര ശാഖയെന്നാല്‍ ഡോ. സാമുവല്‍ ഹനിമാന്‍റെ വിജയഗാഥ കൂടിയാണ്. ഡോ. ഹനിമാനിലൂടെയല്ലാതെ ഹോമിയോ ചികിത്സയുടെ ചരിത്രം പൂര്‍ണമായി വിവരിക്കാനാവില്ല എന്നതു തന്നെ അദ്ദേഹത്തിന്‍റെ അനിഷേധ്യ സാന്നിധ്യത്തിനൊരു തെളിവാണ്. വിശേഷണങ്ങള്‍ അധികമുള്ള ബഹുമുഖ പ്രതിഭയായ വ്യക്തിയാണ് ഡോ. ഹാനിമാന്‍. ചികിത്സകന്‍, രസതന്ത്രജ്ഞന്‍, ബഹുഭാഷാ പണ്ഡിതന്‍, തത്വചിന്തകന്‍, ചികിത്സാ ചരിത്രകാരന്‍, വിപ്ളവ ശാസ്ത്രാശയങ്ങള്‍ ഉള്ള വ്യക്തി എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം.
ജര്‍മ്മന്‍ ജാക്സണിയിലെ മനോഹരമായ മെയ്സല്‍ പട്ടണത്തില്‍ 1755 ഏപ്രില്‍ 10നാണ് അദ്ദേഹത്തിന്‍റെ ജനനം. ജര്‍മ്മനിയിലെ ഏറ്റവും മനോഹരമായ ആ സ്ഥലം എന്‍റെ വളര്‍ച്ചയെ ഇരട്ടി സമ്പുഷ്ടമാക്കി. എന്ന് അദ്ദേഹം പിന്നീട് എഴുതി. ക്രിസ്ത്യന്‍ ഗോഡ്ഫൈഡ് ഹനിമാനും, ജോഹന്നാ ക്രിസ്റ്റീനുമാണ് അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍. മെയ്സനിലെ വിദ്യാലയങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി. സര്‍വ്വകലാശാലാ പഠനത്തിനായി ലെയ്പ്സിക് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. വളരെ പ്രഗത്ഭനായ വോണ്‍ ക്വറിന്‍ എന്ന രാജ ഭിക്ഷഗ്വരന്‍റെ നിര്‍ലോഭമായ പിന്തുണയും, നിര്‍ദേശവും സ്നേഹവുമാണ് തന്നെ ചികിത്സകന്‍ എന്ന സ്ഥാനത്ത് എത്തിച്ചതെന്ന് ഹനിമാന്‍ പിന്നീട് പറയുകയുണ്ടായി.
വളരെ ചെറുപ്പത്തില്‍ തന്നെ ഡോ. സാമുവല്‍ ഭാഷയോട് അതിയായ ആരാധന വച്ചു പുലര്‍ത്തിയിരുന്നു. ജര്‍മ്മന്‍ , ലാറ്റിന്‍, ഗ്രീക്ക്, ഫ്രഞ്ച് തുടങ്ങി പതിനൊന്ന് ഭാഷകള്‍ അനായസമായി അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. 12 വയസില്‍ തന്നെ മറ്റു കുട്ടികള്‍ക്ക് ഗ്രീക്കും ലാറ്റിനും പറഞ്ഞു കൊടുക്കുന്നതില്‍ അദ്ദേഹം പ്രാവീണ്യം നേടി. മുതിര്‍ന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാഷാ സ്വാധീനം വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളുടെ മൊഴിമാറ്റത്തിലൂടെ ശ്രദ്ധേയമായി.
അലോപ്പതി ചികിത്സാ സമ്പ്രദായം വഴി ഗുണത്തെക്കാള്‍ ഏറെ ദോഷങ്ങളാണ് താന്‍ പ്രചരിപ്പിക്കുന്നതെന്ന വിചാരം അദ്ദേഹത്തിനുണ്ടായി. 1783ല്‍ അദ്ദേഹം അലോപ്പതി ചികിത്സാ രംഗം ഉപേക്ഷിച്ച് ഹോമിയോ ചികിത്സാ സമ്പ്രദായം ആരംഭിച്ചു. 1843ല്‍ അദ്ദേഹം മരിക്കുന്നതുവരെയും ഹോമിയോ വൈദ്യശാസ്ത്ര ശാഖയുടെ വളര്‍ച്ചയ്ക്കായുള്ള നിരന്തര പരീക്ഷണങ്ങളില്‍ മുഴുകി കഴിഞ്ഞു. ആരോഗ്യ സംരക്ഷണം, ചികിത്സാ വിധികള്‍, ഹനിമാന്‍റെ തത്വശാസ്ത്ര കണ്ടെത്തലുകള്‍ എന്നിവയടങ്ങിയ "ഓര്‍ഗാനണ്‍ ഓഫ് ദ് മെഡിക്കല്‍ ആര്‍ട്ട്' എന്ന ഗ്രന്ഥം 1810 ല്‍ പുറത്തിറക്കി.
രോഗിക്കും ചികിത്സകനും ഒരു പോലെ പ്രയോജനപ്രദമാകത്തക്ക രീതിയില്‍ രചിച്ച ഗ്രന്ഥത്തിന്‍റെ അവസാനത്തേതും ആറാമത്തേതുമായ പതിപ്പ് 1842 ല്‍ പുറത്തിറങ്ങി. ഇതിനിടയില്‍ 1832ല്‍ ആദ്യ ഹോമിയോപതിക് ചികിത്സാലയം ആരംഭിക്കുകയും, യൂറോപ്പിലങ്ങോളമിങ്ങോളം വൈദ്യ ശാസ്ത്ര വിദ്യാലയങ്ങള്‍ തുറക്കുകയും ചെയ്തു.