ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഇവന്റ് ആണ് മെറ്റ് ഗാല. ഓരോ വർഷവും ഇന്ത്യയിൽ നിന്നുമുള്ള സെലിബ്രിറ്റികളും എസ് ഇവന്റിൽ പങ്കെടുക്കാറുണ്ട്. ഇത്തവണ, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, കിയാര അദ്വാനി, ഇന്ത്യൻ ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്ര, ഇഷ അംബാനി തുടങ്ങി നിരവധി പേരാണ് മെറ്റ് ഗാലയിൽ സാന്നിധ്യം അറിയിച്ചത്. ഓരോ വർഷവും ഓരോ തീം ഉണ്ട്. അതിനനുസരിച്ചായിരിക്കും സെലിബ്രിറ്റികളുടെ വസ്ത്രധാരണം. മാൻഹട്ടനിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ നടക്കുന്ന മെറ്റ് ഗാലയുടെ ഈ വർഷത്തെ തീം സൂപ്പർഫൈൻ: ടെയ്‌ലറിംഗ് ബ്ലാക്ക് സ്റ്റൈൽ എന്നതായിരുന്നു.
പുറമെ നിന്ന് നോക്കുമ്പോൾ ആർഭാടമായി എസ് ഫാഷൻ ഷോയ്ക്കും ചില വിചിത്ര നിയമങ്ങളൊക്കെയുണ്ട്. നോ ഫോൺ പോളിസി മുതൽ ഉള്ളി, വെളുത്തുള്ളി എന്നിവയ്ക്കുള്ള വിലക്ക് വരെ ഇതിൽ ഉൾപ്പെടുന്നു. ഫാഷൻ ഇതിഹാസം അന്ന വിൻടോർ ആണ് 1995 മുതൽ ഈ ഷോ നടത്തി വരുന്നത്. വോഗിന്റെ എഡിറ്റർ-ഇൻ-ചീഫും ഇവന്റിന്റെ ചെയർമാനുമാണ് അന്ന വിൻടോർ. മെറ്റ് ഗാലയിൽ വരുന്ന 400-ലധികം ഉയർന്ന പ്രൊഫൈൽ അതിഥികൾക്കുള്ള ഇരിപ്പിട ക്രമീകരണവും പെരുമാറ്റ രീതികളും ഭക്ഷണത്തിലെ തിരഞ്ഞെടുപ്പുകളും എല്ലാം തീരുമാനിക്കുന്നത് അന്ന തന്നെയാണ്.
താരങ്ങളായാലും അതിഥികളായാലും അവരുടെ സീറ്റുകൾക്ക് പണം നൽകണം. കഴിഞ്ഞ വർഷം ഒരു വ്യക്തിഗത ടിക്കറ്റിന് 75,000 ഡോളറും ഒരു ഫുൾ ടേബിൾ ഉറപ്പാക്കാൻ 350,000 ഡോളറുമായിരുന്നു വില. സെലിബ്രിറ്റികൾക്ക് വേണ്ടി അവരുടെ ഡിസൈനർമാരാണ് പലപ്പോഴും ഈ ചെലവ് വഹിക്കാറുള്ളത്. പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതിനാണ് ക്ഷണം ലഭിക്കുന്നവർ പണം നൽകുന്നത്.
ഇഷ്ടമുള്ളിടത്ത് പോയിരിക്കാമെന്ന് കരുതണ്ട. ആരൊക്കെ എവിടെ, ആരുടെ അടുത്ത് ഇരിക്കണം എന്ന് ഷോ നടത്തുന്നവരാണ് തീരുമാനിക്കുക. ഇതിനായി സംഘാടകർക്ക് അവരുടേതായ മാനദണ്ഡങ്ങൾ ഉണ്ട്. ദമ്പതികൾ, പ്രണയിതാക്കൾ എന്നിവർ പരസ്പരം അടുത്ത് ഇരിക്കാറില്ല. പരിചയമുള്ളവർ തമ്മിൽ ഒരിക്കലും അടുപ്പിച്ച് ഇരുത്തില്ല. കർശനമായ നോ ഫോൺ പോളിസിയാണ് മെറ്റ് ഗാല പിന്തുടരുന്നത്. വേദിയിൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. സെൽഫി എടുക്കാനും സാധിക്കില്ല.
മറ്റൊരു വിചിത്രമായ നിയമം ഉള്ളിയ്ക്കും വെളുത്തുള്ളിയ്ക്കും ഉള്ള വിലക്കാണ്. വായ്‌നാറ്റം പോലുള്ള പ്രശ്നങ്ങൾ തടയുന്നതിനായാണ് മെറ്റ് ഗാലയുടെ അത്താഴ മെനുവിൽ ചില ഭക്ഷണ സാധനങ്ങൾ നിരോധിച്ചിരിക്കുന്നത്. വായിൽ ഉള്ളിയുടെ മണം ഇല്ലെന്ന് ഉറപ്പു വരുത്താനും ഫോട്ടോകൾക്കായി ചിരിക്കുമ്പോൾ പല്ലിൽ ഭക്ഷണാവശിഷ്ടം ഒന്നും ഉണ്ടാവാതിരിക്കാനും ഭക്ഷണത്തിൽ ഉള്ളി, വെളുത്തുള്ളി, പാഴ്‌സ്‌ലി എന്നിവ പൂർണമായും നിരോധിച്ചിട്ടുണ്ട്.