2012ല്‍ ലോകം അവസാനിക്കുമോ?

ബുധന്‍, 19 ഓഗസ്റ്റ് 2009 (17:11 IST)
PRO
ക്രിസ്തു മരിച്ച് പുനരുത്ഥാനം ചെയ്ത ശേഷം സ്വര്‍ഗാരോഹണം ചെയ്യുമ്പോള്‍ വലത് കയ്യിലെ രണ്ട് വിരലുകള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നുവത്രേ! ഓരോ വിരലും ആയിരം വര്‍ഷത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും രണ്ട് വിരല്‍ ഉയര്‍ത്തിയതിനാല്‍ രണ്ടായിരാമാണ്ടില്‍ ലോകം അവസാനിക്കുമെന്നും ചില ക്രിസ്ത്യന്‍ ചിന്തകര്‍ വ്യാഖ്യാനിക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് രണ്ടായിരത്തോടെ ലോകം അവസാനിക്കുമെന്ന് പലരും ഭയപ്പെട്ടിരുന്നു. എന്നാല്‍ ലോകം അവസാനിക്കുകയുണ്ടായില്ല, വര്‍ഷങ്ങള്‍ പലത് കഴിയുകയും ചെയ്തു. ഇപ്പോഴിതാ പുതിയൊരു പേടി മാനവകുലത്തെ പിടിച്ച് കുലുക്കുന്നു.

ലോകത്തിലെ പുരാതനമായ സംസ്കാരങ്ങളില്‍ ഒന്നാണ് മായന്‍ സംസ്കാരം. അവരുടെ കലണ്ടര്‍ പ്രകാരം 2012-ല്‍ ഒരു യുഗം അവസാനിക്കുമത്രേ. കൃത്യമായി പറഞ്ഞാല്‍ 2012, ഡിസംബര്‍ 21 എന്ന് മായന്‍ കലണ്ടറില്‍ എഴുതിയിരിക്കുന്നത് 13.0.0.0.0 എന്നാണ്. തൊട്ടടുത്ത ദിവസമായ 22 എഴുതിയിരിക്കുന്നതാവട്ടെ 0.0.0.0.1 എന്നും. ഈ കണക്കിന്റെ പിന്‍‌ബലത്തില്‍, ചില പ്രവാചകര്‍ പറയുന്നത് ഇപ്പോഴുള്ള സംസ്കാരങ്ങളെല്ലാം 21ന് നശിക്കുമെന്നും 22 തൊട്ട് പുതിയൊരു യുഗം തുടങ്ങുമെന്നുമാണ്.

മായന്‍ കലണ്ടര്‍ വിശ്വസിക്കാമോ ഇല്ലയോ എന്ന ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ ഇതാ മായന്‍ വിശ്വാസം ശരിവയ്ക്കുന്ന ഒരു ഹോളിവുഡ് ചിത്രം അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. സിനിമയുടെ പേര് ‘2012’ എന്നുതന്നെ. പ്രകൃതിക്ഷോഭത്തിനാല്‍ ഭൂമിയെന്ന വ്യവസ്ഥ രൂപാന്തരം പ്രാപിക്കുന്നതും അതിനിടയില്‍ പെട്ടിട്ടും മരിക്കാതെ അതിജീവിക്കുന്നവര്‍ ജീവനുവേണ്ടി നടത്തുന്ന പോരാട്ടവുമാണ് ഈ സിനിമയുടെ ഇതിവൃത്തം.

‘ഇന്‍ഡിപെന്‍ഡന്‍സ് ഡേ’, ‘ദ ഡേ ആഫ്റ്റര്‍ റ്റുമാറോ’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ റോളണ്ട് എമെറിച്ച് ആണ് ‘2012’ ഒരുക്കുന്നത്. ചെലവ് 200 മില്യണ്‍ ഡോളറോളം ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. റോളണ്ട് എമെറിച്ച് അടക്കം അഞ്ചുപേരാണ് ചിത്രം നിര്‍മിക്കുന്നത്. വിതരണം ചെയ്യുന്നത് കൊളം‌ബിയ പിക്ചേഴ്സും. നവം‌ബര്‍ രണ്ടാം വാരമാണ് മായന്‍ പ്രവചനത്തിന്റെ ദുരന്തക്കാഴ്ചകളുമായി ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ‘2012’ എത്തുക.

വെബ്ദുനിയ വായിക്കുക